സിഡ്നി: ഭാര്യയും ഭർത്താവും ഒരുമിച്ച് ആഹാരം കഴിക്കാനായി ഹോട്ടലിൽ കയറി. മൂക്കുമുട്ടെ കഴിച്ചു. ഒടുവിൽ ബിൽ കിട്ടിയപ്പോൾ ഭർത്താവ് പൊലീസിനെ വിളിച്ചു. കാരണമെന്തെന്നോ?. ബില്ലിന്റെ പകുതി തുക നൽകാൻ ഭാര്യ വിസമ്മതിച്ചു. ആസ്ട്രേലിയയിൽ സിഡ്നിയിലെ ഒരു ചൈനീസ് റസ്റ്റോറന്റിലായിരുന്നു സംഭവം. ദമ്പതികൾ എവിടത്തുകാരാണെന്ന് വ്യക്തമല്ല.
വളരെ സന്തോഷത്തോടെയാണ് ദമ്പതികൾ റസ്റ്റോറന്റിലെത്തിയത്. ഇരുവരെയും ജീവനക്കാർ സ്വീകരിച്ച് ആനയിച്ചു. മുന്തിയ ഐറ്റങ്ങൾ തന്നെ ഒാർഡർചെയ്തു. മുന്നിൽ നിരന്നവ അവർ മത്സരിച്ച് തിന്നുതീർത്തു.അപ്പോഴൊന്നും ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല.വയർ നിറഞ്ഞതോടെ ഭർത്താവ് ബില്ല് ആവശ്യപ്പെട്ടു. വെയിറ്റർ ബില്ലുമായി എത്തിയതോടെ അടിതുടങ്ങി.
ബിൽ തുക കൂടുതലാണെന്നും അതിനാൽ തുകയുടെ പകുതി ഭാര്യകൊടുക്കണമെന്നും അയാൾ ആവശ്യപ്പെട്ടു. കേട്ടപാടെ ആവശ്യം ഭാര്യ നിഷേധിച്ചു. നിർബന്ധിച്ചിട്ടും കാര്യമുണ്ടായില്ല. അഞ്ചിന്റെ പൈസതരില്ലെന്ന് അവർ ഉറപ്പിച്ചു പറഞ്ഞു. ഇതോടെ വഴക്ക് കൈയാങ്കളിയുടെ വക്കോളമെത്തി. ജീവനക്കാർ ഇടപെട്ടാണ് അടി ഒഴിവാക്കിയത്.
ഇതിനിടെ ഭർത്താവ് പൊലീസിനെ വിളിച്ചുവരുത്തി. കാര്യങ്ങൾ അറിഞ്ഞപ്പോൾ അവരുടെ മട്ടുമാറി. ആവശ്യമില്ലാത്ത കാര്യത്തിനായി വിളിച്ചുവരുത്തിയതിന് പിഴചുമത്തുമെന്നായി പൊലീസ്. ഒടുവിൽ കരഞ്ഞുകാലുപിടിച്ച് പിഴ ഒഴിവാക്കി. പൊലീസ് കർശന നിർദ്ദേശം നൽകിയതോടെ ദമ്പതികൾ വഴക്കും അവസാനിപ്പിച്ചു.