ലണ്ടൻ: പ്രണയം പൊളിഞ്ഞവർക്ക് എന്ത് വാലന്റൈൻസ് ദിനാഘോഷം?അങ്ങനെ പറഞ്ഞൊഴിയാൻ വരട്ടെ. പ്രണയപരാജയം സംഭവിച്ചവർക്ക് വാലന്റൈൻസ് ദിനാഘോഷത്തിനുള്ള അവസരമൊരുക്കിയിരിക്കുകയാണ് ലണ്ടനിലെ സെവനോക്സിലുള്ള ഹെംസ്ളികൺസർവേഷൻ സെന്റർ എന്ന മൃഗശാല.
പാതിവഴിയിൽ പ്രണയം ഉപേക്ഷിച്ച് ഗുഡ്ബൈ പറഞ്ഞവരുടെ പേര് പാറ്റയ്ക്ക് ഇട്ട് ദേഷ്യം തീർക്കാനുള്ള അവസരമാണ് നൽകുന്നത്. മുൻ കാമുകന്റെയോ കാമുകിയുടേയാേ പേര് പാറ്റയ്ക്ക് നൽകാം. ദേഷ്യം തീരുവോളം പാറ്റയെനോക്കി ആ പേര് വിളിക്കുകയും ചെയ്യാം. വേണമെങ്കിൽ ചീത്തയും വിളിക്കാം. ഒന്നിൽകൂടുതൽ പേരോട് ദേഷ്യമുണ്ടെങ്കിൽ അവരുടെ പേരുകളൊക്കെ പാറ്റയ്ക്ക് ചാർത്തിക്കൊടുക്കുകയും ചെയ്യാം.
ഇതിനായി എത്രപാറ്റകളെ വേണമെങ്കിലും ഉപയോഗിക്കാം.രാജ്യത്തിനകത്തുള്ളവർക്കും പുറത്തുള്ളവർക്കും ഇൗ സേവനം പ്രയോജനപ്പെടുത്താം. പ്രായപരിധിയും ഇതിന് ബാധകമല്ല. പക്ഷേ, പ്രതികാരം ചെയ്യാൻ പണം മുടക്കണമെന്നുമാത്രം. ഒരു പാറ്റയ്ക്ക് പേരിടുന്നതിന് 140 രൂപയാണ് നൽകേണ്ടത്. കൂടുതൽ പാറ്റകളെ തിരഞ്ഞെടുക്കുകയാണെങ്കിൽ സ്പെഷ്യൽ റിബേറ്റ് ലഭിക്കും.
മൃഗശാലയുടെ പ്രവർത്തനത്തിന് ഫണ്ട് കണ്ടെത്താനാണ് ഇൗവഴി തിരഞ്ഞെടുത്തതെന്നാണ് അധികൃതർ പറയുന്നത്. ഇതിലൂടെ മോശമല്ലാത്ത വരുമാനവും അവർ പ്രതീക്ഷിക്കുന്നുണ്ട്. ഇപ്പോൾത്തന്നെ അന്വേഷണവുമായി നിരവധിപേർ എത്തുന്നുണ്ട്. സെന്ററിന്റെ ഫേസ്ബുക്ക് പേജിൽ ഇതിനെക്കുറിച്ച് വിശദമായി പറഞ്ഞിട്ടുണ്ട്.