ന്യൂഡൽഹി: ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ച മുൻ നിലപാടിൽ നിന്ന് മലക്കംമറിഞ്ഞ് തിരുവിതാംകൂർ ദേവസ്വം ബോർഡ്. നേരത്തെ ഇത് സംബന്ധിച്ച കേസ് നടക്കുമ്പോൾ യുവതീ പ്രവേശനം വേണ്ടെന്നാണ് ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ പറഞ്ഞിരുന്നത്. എന്നാൽ ഇത് സംബന്ധിച്ച സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്നും ശബരിമലയിൽ യുവതീ പ്രവേശനം ആകാമെന്നുമാണ് ഇന്ന് ദേവസ്വം ബോർഡിന് വേണ്ടി ഹാജരായ അഭിഭാഷകൻ രാകേഷ് ദ്വിവേദി വ്യക്തമാക്കിയത്.
ആർത്തവമില്ലാതെ മനുഷ്യകുലം ഇല്ലെന്ന് പറഞ്ഞുകൊണ്ടാണ് രാകേഷ് ദ്വിവേദി തന്റെ വാദം തുടങ്ങിയത്. തുല്യതയുടെ അവകാശം എല്ലാവർക്കുമുള്ളതാണ്. ഇക്കാര്യം വളരെ പ്രധാനപ്പെട്ടതാണ്. എല്ലാവർക്കും ക്ഷേത്ര പ്രവേശനത്തിന് അധികാരം ഉണ്ട്. ഇക്കാര്യം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ വ്യക്തികൾക്കും മതത്തിൽ തുല്യ അവകാശമാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ നിങ്ങൾ ശബരിമലയിലെ യുവതീ പ്രവേശനത്തെ നേരത്തെ എതിർത്തിരുന്നല്ലോ എന്ന് ജസ്‌റ്റിസ് ഇന്ദു മൽഹോത്ര ചോദിച്ചു. സുപ്രീം കോടതി വിധിക്ക് ശേഷം ഇക്കാര്യത്തിൽ നിലപാട് മാറ്റിയതാമെന്നും ദ്വിവേദി വ്യക്തമാക്കി. ഇപ്പോഴത്തെ ദേവസ്വം ബോർഡിന്റെ നിലപാടാണ് താൻ കോടതിയിൽ പറഞ്ഞതെന്ന് വ്യക്തമാക്കിയ അദ്ദേഹം ഇക്കാര്യത്തിൽ വേണമെങ്കിൽ പ്രത്യേക അപേക്ഷ നൽകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുവതീ പ്രവേശന നിയന്ത്രണം അനിവാര്യമായ മതാചാരം ആണെന്നതിന് തെളിവില്ലെന്നും ബോർഡ് കോടതിയിൽ പറഞ്ഞു.
അയ്യപ്പ വിശ്വാസികൾ പ്രത്യേക വിഭാഗമല്ലെന്ന സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയ ദേവസ്വം ബോർഡ് അഭിഭാഷകൻ ഭരണഘടനയുടെ ധാർമികത സംബന്ധിച്ച ഭരണഘടന ബെഞ്ചിന്റെ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്നുവെന്നും അറിയിച്ചു. എല്ലാ ആചാരങ്ങളും ഭരണഘടനയ്‌ക്ക് അനുസൃതമായിരിക്കണം. കാലം മാറുന്നതിന് അനുസരിച്ച് എല്ലാ മേഖലകളിലും പരിഷ്‌കരണം ആവശ്യമാണ്. വനിതകൾക്ക് എല്ലാ മേഖലകളിലും അവസരം ഉണ്ടാകണം. ജീവിതത്തിന്റെ എല്ലാ മേഖലയിലേക്കും സ്ത്രീകളെ നയിക്കുന്ന തരത്തിൽ നമ്മൾ മാറണമെന്നും അവരുടെ ജൈവികമായ പ്രത്യേകതകളുടെ അടിസ്ഥാനത്തിൽ ഒരിടത്ത് നിന്നും പുറന്തള്ളപ്പെടരുതെന്നും ബോർഡ് അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. പുനപരിശോധനാ ഹർജികളും റിട്ട് ഹർജികളും തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.