മനുഷ്യന്റെ പല്ലിനോട് ഏറെ സാമ്യമുള്ള ഒരു മത്സ്യമുണ്ട് ബ്രസീലിലെ ആമസോൺ നദിയിൽ. പക്ഷേ, അപകടകാരിയെന്നുള്ള പേരുദോഷവും ആവോളമുണ്ട് കക്ഷിയ്ക്ക്. പാക്കുവെന്ന് പേരുള്ള ഈ മത്സ്യത്തിന് ഉറപ്പുള്ള താടിയെല്ലും പരന്ന പല്ലുകളുമാണുള്ളത്.
നദിയിൽ വീഴുന്ന പഴങ്ങളും കായകളുമൊക്കെ ചവച്ചരച്ച് ഭക്ഷിക്കാൻ പറ്റിയ ഘടനയാണ് ഇവയുടെ പല്ലുകൾക്കുള്ളത്. എന്നാൽ 2013ൽ ആഫ്രിക്കയിലെ ന്യൂ ഗിനിയയിൽവച്ച് രണ്ട് മത്സ്യത്തൊഴിലാളികളുടെ ജനനേന്ദ്രിയം പാക്കു മത്സ്യം കടിച്ചെടുത്തു. ചോര വാർന്ന് മത്സ്യത്തൊഴിലാളികൾ മരിക്കുകയും ചെയ്തു. ഇതോടെ പാക്കുവിന് ആക്രമണകാരിയെന്ന പേരും വീണു.
സാഹസികതയുടെ ഭാഗമായി ലോകത്ത് പലയിടത്തും പാക്കുവിനെ ചില്ലുകൂട്ടിലിട്ടു വളത്താൻ ആരംഭിച്ചു. പക്ഷെ നാലടി നീളവും 25 കിലോ ഭാരവും ഉള്ള ഈ മത്സ്യത്തെ വീട്ടിൽ വളർത്താൻ പലർക്കും ബുദ്ധിമുട്ടായി. അവരൊക്കെ പാക്കുവിനെ തടാകങ്ങളിലും നദിയിലും ഒക്കെ ഉപേക്ഷിച്ചു. പിന്നീടും ഇവ മനുഷ്യരെ ആക്രമിച്ചതായി വാർത്തകൾ വന്നു.
നദികളിൽ ഇറങ്ങാൻ പുരുഷവർഗത്തിന് തന്നെ ഭയമായി. എന്നാൽ, പാക്കുവിനെക്കുറിച്ച് പഠനം നടത്തുന്നവർ പറയുന്നത് പാക്കു അപകടകാരിയേ അല്ല എന്നാണ്! എന്തായാലും പാക്കു മത്സ്യം ഇപ്പോഴും അപകടകാരിയെന്ന പേരുദോഷത്തിൽതന്നെയാണ് ജീവിക്കുന്നത്.