pandalam-royal-family-att

ചെങ്ങന്നൂർ: ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച പുനപരിശോധനാ ഹർജികൾ പരിഗണിച്ചപ്പോൾ എടുത്ത നിലപാടിലൂടെ ദേവസ്വം ബോ‌ർഡും സംസ്ഥാന സർക്കാരും ഭക്തർക്കൊപ്പമല്ലെന്ന് തെളിയിച്ചിരിക്കുകയാണെന്ന് പന്തളം കൊട്ടാരപ്രതിനിധി ശശികുമാര വർമ പ്രതികരിച്ചു. ആരെങ്കിലും കണ്ണുരുട്ടി കാണിക്കുന്നതിന് അനുസരിച്ചാകരുത് ദേവസ്വം ബോർഡ് നിലപാട് സ്വീകരിക്കേണ്ടത്. പുനപരിശോധന ഹർജിയിലെ വിധി നീളുന്നതിൽ ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുല്യതയാണ് അടിസ്ഥാനമെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാരും ദേവസ്വം ബോർഡും സുപ്രീം കോടതിയിൽ യുവതീ പ്രവേശനത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചത്.

കേരളത്തിലെ ജനങ്ങളെ സർക്കാർ പറ്റിച്ചിരിക്കുകയാണ്. സർക്കാരിന്റെ യഥാർത്ഥ നിലപാട് ഇപ്പോൾ പുറത്തായിരിക്കുകയാണ്. ഇനിയും ശബരിമല കലാപഭൂമിയാകുമെന്ന് ഭയക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, പുനപരിശോധനാ ഹർജികൾ ഇന്ന് കോടതി പരിഗണിച്ചപ്പോൾ പന്തളം കൊട്ടാരത്തിന്റെ നേതൃത്വത്തിൽ തിരുവാഭരണ മാളികയ്ക്ക് മുന്നിൽ പ്രാർത്ഥനാ യജ്ഞം നടത്തിയിരുന്നു. രാജപ്രതിനിധി മൂലം തിരുന്നാൾ രാഘവവർമ്മ രാജ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് പി.ജി.ശശികുമാര വർമ്മ,​ സെക്രട്ടറി നാരായണ വർമ്മ,​ ക്ഷേത്രാചാര സംരക്ഷണ സമിതി സെക്രട്ടറി പ്രസാദ് കുഴിക്കാല,​ വാർഡ് കൗൺസിലർ രവികുമാർ,​ ഗുരുസ്വാമിമാർ,​ തിരുവാഭരണ പേടക​ വാഹകസംഘം,​ അയ്യപ്പ ഭക്തർ തുടങ്ങിയവരാണ് യജ്ഞത്തിൽ പങ്കെടുത്തത്.