അവതാർ സിനിമ കണ്ടവരാരും ആ അദ്ഭുതലോകം മറന്നിട്ടുണ്ടാകില്ല. എന്നാൽ, സിനിമയിറങ്ങി വർഷങ്ങളിത്ര കഴിഞ്ഞിട്ടും അവതാർ ലോകത്തെ കാഴ്ചകൾ വീണ്ടും കാണാൻ അവസരമുണ്ട്. ഡിസ്നിയാണ് അവതാർ ലോകത്തെ കാഴ്ചകളുമായി ഡിസ്നി അനിമൽ കിംഗ്ഡം എന്ന തീംപാർക്ക് സഞ്ചാരികൾക്കായി ഒരുക്കിയത്.
2011 സെപ്തംബറിൽ പ്രഖ്യാപിച്ച അവതാർ ലോകത്തിന്റെ നിർമ്മാണം 2014 ലാണ് ആരംഭിച്ചത്. 2017ൽ നിർമ്മാണം പൂർത്തിയാക്കി ആളുകൾക്കായി തുറന്നുകൊടുക്കുകയും ചെയ്തു. ഈ ആശയങ്ങളുടെ പിന്നിൽ ചിത്രത്തിന്റെ നിർമ്മാതാവായ ജോൺ ലാൻഡ്വയും ഡിസ്നിയുടെ കലാസാങ്കേതിക വിദഗ്ദനായ ജോ റൊഹ്ദെയുമായിരുന്നു.
'പണ്ടോറ-ദ വേൾഡ് ഒഫ് അവതാർ " എന്ന പേരിലാണ് തീം പാർക്ക് ആദ്യം ഒരുങ്ങിയത്. 12 ഏക്കറിലായാണ് ഇത് നിർമ്മിച്ചത്. കാഴ്ചകൾ കാണുകമാത്രമല്ല, ചുറ്റുംനടന്ന് അവിടുത്തെ സസ്യങ്ങളേയും മൃഗങ്ങളേയും കുറിച്ച് പഠിക്കാനും വേൾഡ് ഒഫ് അവതാറിൽ അവസരമുണ്ട്. പഠിപ്പിക്കുന്നതാകട്ടെ, മെക്കാനിക്കൽ സ്യൂട്ടെന്ന യന്ത്രമനുഷ്യനും. ഇതിന് 10 അടി ഉയരവും സ്പഷ്ടമായ കൈകളും ചലിക്കുന്ന അവയവങ്ങളുമുണ്ട്. അമേരിക്കയിലെ ഫ്ലോറിഡയിലുള്ള പാർക്കിൽ സംവിധായകൻ ജെയിംസ് കാമറൂൺ വിഭാവനം ചെയ്ത ഒരു സാങ്കല്പിക ലോകമായിരുന്നു സിനിമയിലെ പണ്ടോറ.