കണ്ണുചൊറിച്ചിൽ മൂലമുള്ള അസ്വസ്ഥതകൾ അനുഭവിക്കാത്തവർ വളരെ കുറവായിരിക്കും. കണ്ണിനെ ബാധിക്കുന്ന സാധാരണ പ്രശ്നമാണിത്. കണ്ണിന് ചുറ്റുമാണ് ചൊറിച്ചിൽ അനുഭവപ്പെടാറുള്ളത്.പരിസ്ഥിതി മലിനീകരണം, പൊടി, അഴുക്ക്, നേത്ര അണുബാധ, അലർജി മുതലായവ ഇതിനു കാരണമാവാം.
കണ്ണിന് ചുവപ്പു നിറവും ചൊറിച്ചിലും വേദനയും ഉണ്ടാകുമ്പോൾ ചെങ്കണ്ണ് ആണെന്ന സംശയമുണ്ടാകും. എന്നാൽ ഒരു കണ്ണിൽ മാത്രമായിരിക്കും അലർജി മൂലമുള്ള പ്രശ്നങ്ങൾ. ഇങ്ങനെയുണ്ടാകുമ്പോൾ വൈദ്യസഹായം തേടുന്നതാണ് ഉചിതം. അലർജിക്ക് നിരവധി കാരണങ്ങളുണ്ട്. ചിലർക്ക് കാലാവസ്ഥ വ്യതിയാനമായിരിക്കും അലർജിക്കു കാരണമാകുന്നത്.
യാത്രയ്ക്കിടയിലും ചില ജോലികൾക്കിടയിലും കണ്ണിൽ പാെടി കാര്യമായി കടന്നുകൂടും. പോളക്കുരു, കണ്ണുവരൾച്ച എന്നിവയും പൊടിപടലങ്ങൾ കടന്നുകൂടുന്നതിലൂടെയുണ്ടാകാം. ചൂടൂ കൂടുമ്പോൾ കൺപീലികൾ കൊഴിയുന്നവരുമുണ്ട്. അമിതമായ മൊബൈൽ ഫോൺ, കമ്പ്യൂട്ടർ ഉപയോഗവും ഇതിന് കാരണമാകും.
ചിലർക്ക് ചില പ്രത്യേക വസ്തുക്കളുമായുള്ള ഇടപെടലിലൂടെയായിരിക്കും അലർജി ഉണ്ടാകുന്നത്. ഉദാഹരണമായി പൂമ്പൊടി, വളർത്തുമൃഗങ്ങൾ, ചിലയിനം മരുന്നുകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, ഡൈയുടെ ഉപയോഗം മുതലായവ. ഒരോരുത്തർക്കും അലർജി ഉണ്ടാക്കുന്നതെന്തെന്ന് കണ്ടെത്തി അതിൽനിന്ന് ഒഴിഞ്ഞു നിൽക്കുന്നതാണ് നല്ലത്. പൊടിപടലങ്ങൾ കണ്ണിലേക്ക് കയറാതിരിക്കാൻ യാത്രയിലും മറ്റും ഗ്ളാസ് ഉപയോഗിക്കുന്നത് ഗുണകരമാകും.
ലക്ഷണങ്ങൾ കണ്ടാൽ എത്രയും വേഗം ചികിത്സിക്കാതിരുന്നാൽ അണുബാധ കണ്ണിന്റെ മറ്റു ഭാഗങ്ങളിലേക്കു വ്യാപിക്കാം. അതുപോലെ കണ്ണ് തിരുമ്മാതിരിക്കാൻ ശ്രദ്ധിക്കണം. അല്ലെങ്കിൽ ലക്ഷണങ്ങൾ അധികരിക്കും. ഇടയ്ക്കിടെ തണുത്ത വെള്ളത്തിൽ കണ്ണ് കഴുകുന്നത് ചൊറിച്ചിലും എരിച്ചിലും കുറയ്ക്കാൻ സഹായിക്കും.
ഡോ. ഇറിന എസ്. ചന്ദ്രൻ,
പുല്ലായിക്കൊടി
ആയുർവേദിക് ക്ളിനിക്,
സീലാൻഡ് കോംപ്ളക്സ്,
തളിപ്പറമ്പ്