robert-vadra

ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പ് കേസിൽ റോബർട്ട് വാദ്ര ഡൽഹി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ‌് ആസ്ഥാനത്ത് ഹാജരായി. അദ്ദേഹത്തിനൊപ്പം ഭാര്യ പ്രിയങ്കാ ഗാന്ധിയും എത്തിയിരുന്നു​. എന്നാൽ അല്പസമയത്തിനുള്ളിൽ തന്നെ പ്രിയങ്ക അവിടെ നിന്ന് തിരികെ പോവുകയും ചെയ്തു.

റോബർട്ട് വാദ്രക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബി ജെ പി നേരത്തേ രംഗത്തെത്തിയിരുന്നു. വാദ്രയുടെ ഉടമസ്ഥതയിലുള്ള കമ്പനികൾക്ക് പെട്രോളിയം, പ്രതിരോധ കരാറുകളിലൂടെ കൈക്കൂലി ലഭിച്ചിട്ടുണ്ടെന്നാണ് ബി ജെ പിയുടെ ആരോപണം. വാദ്രക്ക് ലണ്ടനിൽ എട്ടോളം ഭൂസ്വത്തുക്കളുണ്ടെന്നും, ലണ്ടനിലെ സ്വത്തുവകകൾ വാങ്ങിയത് കൈക്കൂലിയായി കിട്ടിയ പണമുപയോഗിച്ചെന്നും ബി ജെ പിയുടെ ആരോപിച്ചു.

വാദ്ര ഒരു സ്വിസ് കമ്പനിയെ സഹായിച്ചുവെന്നും അദ്ദേഹത്തിന് അഗസ്റ്റ വെസ്റ്റ്ലാന്റ് അഴിമതിയുമായി ബന്ധമുണ്ടെന്നും ബി.ജെ.പി നേതാവ് സമ്പിത് പാത്ര ആരോപിക്കുന്നു. വാദ്രക്ക് നേരെ ഉയരുന്ന ചോദ്യങ്ങൾക്ക് മറുപടി പറയാന്‍ രാഹുൽ ഗാന്ധിക്ക് ബാധ്യതയുണ്ടെന്നും സമ്പിത് പാത്ര ഡൽഹിയിൽ പറഞ്ഞു.