തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സമർപ്പിക്കപ്പെട്ട പുനപരിശോധനാ ഹർജികളിൽ സുപ്രീം കോടതി ഇന്ന് വിധി പ്രസ്‌താവിക്കാത്തതോടെ കുംഭമാസ പൂജകൾക്കായി നടതുറക്കുമ്പോൾ ശബരിമല വീണ്ടും സംഘർഷ ഭൂമിയാകുമോ എന്ന ആശങ്ക ശക്തമാകുന്നു. മകരവിളക്ക് മഹോത്സവത്തിന് ശേഷം മാസപൂജകൾക്കായി ഇനി ഫെബ്രുവരി 13നാണ് നടതുറക്കുന്നത്. ഈ സമയത്ത് യുവതികൾ പ്രവേശിക്കാൻ ശ്രമിച്ചാൽ വീണ്ടും സംഘർഷത്തിന് വഴിമാറുമെന്നാണ് ആശങ്ക. യുവതികളെ കയറ്റുന്നത് സംബന്ധിച്ച് കുംഭമാസ പൂജ തുടങ്ങുന്ന സമയത്ത് തീരുമാനമെടുക്കാമെന്നാണ് ഇതേപറ്റിയുള്ള ചോദ്യത്തിന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്മകുമാർ മറുപടി നൽകിയത്.
അതേസമയം, കുംഭമാസ പൂജകൾക്കായി ശബരിമല നട തുറക്കുമ്പോൾ പ്രശ്‌നങ്ങളുണ്ടായാൽ അത് തിരഞ്ഞെടുപ്പിൽ സാരമായി ബാധിക്കുമെന്ന ആശങ്കയിലാണ് സംസ്ഥാന സർക്കാർ. ഇതിനോടകം തന്നെ ശബരിമല വിഷയത്തിൽ എൻ.എസ്.എസ് അടക്കമുള്ള സംഘടനകൾ സർക്കാരുമായി ഇടഞ്ഞു നിൽക്കുകയാണ്. ശബരിമലയിലെ ആചാരങ്ങൾ തകർക്കാൻ ശ്രമിക്കില്ലെന്നും ഇക്കാര്യത്തിൽ ശബരിമല കർമ സമിതിയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും എൻ.എസ്.എസ് വ്യക്തമാക്കിയിട്ടുണ്ട്.ഇതേ നിലപാട് തന്നെയാണ് ആർ.എസ്.എസ് അടക്കമുള്ള സംഘപരിവാർ സംഘടനകൾക്കുമുള്ളത്.യുവതീ പ്രവേശനം നടപ്പിലാക്കാൻ സംസ്ഥാന സർക്കാരും തടയാൻ സംഘപരിവാർ സംഘടനകളും തുനിഞ്ഞിറങ്ങിയാൽ മണ്ഡലകാലത്ത് ശബരിമലയിൽ നടന്ന നാടകീയ സംഭവങ്ങൾ വീണ്ടും ആവർത്തിക്കുമെന്നാണ് ആശങ്ക. സുപ്രീം കോടതിയുടെ വിധി വൈകുന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും ശബരിമല വീണ്ടും സംഘർഷ ഭൂമിയാകുമെന്ന് ആശങ്കയുണ്ടെന്ന് പന്തളം കൊട്ടാര പ്രതിനിധി ശശികുമാര വർമ പ്രതികരിക്കുകയും ചെയ്‌തു.