padmakumar

തിരുവനന്തപുരം: സുപ്രീം കോടതിയുടെ തീരുമാനം എന്തുതന്നെയാലും അത് അംഗീകരിക്കുമെന്നും ബോർഡ് ആർക്കൊപ്പവുമല്ല നിൽക്കുന്നതെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ വ്യക്തമാക്കി. കുംഭമാസ പൂജയ്‌ക്ക് നട തുറക്കുമ്പോഴുള്ള നിലപാട് പിന്നീട് വ്യക്തമാക്കാമെന്നും അദ്ദേഹം പറഞ്ഞു. യുവതീ പ്രവേശനം സംബന്ധിച്ച് കഴിഞ്ഞ സംപ്‌തംബർ 28ന് കോടതി എന്താണോ പറഞ്ഞത് അത് അംഗീകരിച്ചാണ് ബോർഡ് പറഞ്ഞിട്ടുള്ളത്. തുടർന്ന് മറ്റൊരു വിധി വന്നാൽ അതും നടപ്പിലാക്കാൻ ഞങ്ങൾ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. ഈ വിധി വന്നപ്പോൾ ബി.ജെ.പി അംഗീകരിച്ചിരുന്നു. പിന്നീട് ആരുടെ നിർബന്ധത്തിനു വഴങ്ങിയാണ് തീരുമാനം മാറ്റിയതെന്നും അദ്ദേഹം ചോദിച്ചു.

ശബരിമല യുവതീ പ്രവേശനത്തിൽ നേരത്തെ കേസ് നടക്കുമ്പോൾ യുവതീ പ്രവേശനം വേണ്ടെന്നാണ് ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ പറഞ്ഞിരുന്നത്. എന്നാൽ, ഇത് സംബന്ധിച്ച സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്നും ശബരിമലയിൽ യുവതീ പ്രവേശനം ആകാമെന്നുമാണ് ഇന്ന് ദേവസ്വം ബോർഡിന് വേണ്ടി ഹാജരായ അഭിഭാഷകൻ രാകേഷ് ദ്വിവേദി വ്യക്തമാക്കിയത്.

ആർത്തവമില്ലാതെ മനുഷ്യകുലം ഇല്ലെന്ന് പറഞ്ഞുകൊണ്ടാണ് രാകേഷ് ദ്വിവേദി തന്റെ വാദം തുടങ്ങിയത്. തുല്യതയുടെ അവകാശം എല്ലാവർക്കുമുള്ളതാണ്. ഇക്കാര്യം വളരെ പ്രധാനപ്പെട്ടതാണ്. എല്ലാവർക്കും ക്ഷേത്ര പ്രവേശനത്തിന് അധികാരം ഉണ്ട്. ഇക്കാര്യം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്‌. എല്ലാ വ്യക്തികൾക്കും മതത്തിൽ തുല്യ അവകാശമാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാൽ, നിങ്ങൾ ശബരിമലയിലെ യുവതീ പ്രവേശനത്തെ നേരത്തെ എതിർത്തിരുന്നല്ലോ എന്ന് ജസ്‌റ്റിസ് ഇന്ദു മൽഹോത്ര ചോദിച്ചു. സുപ്രീം കോടതി വിധിക്ക് ശേഷം ഇക്കാര്യത്തിൽ നിലപാട് മാറ്റിയതാണെന്നും ദ്വിവേദി വ്യക്തമാക്കി. ഇപ്പോഴത്തെ ദേവസ്വം ബോർഡിന്റെ നിലപാടാണ് താൻ കോടതിയിൽ പറഞ്ഞതെന്ന് വ്യക്തമാക്കിയ അദ്ദേഹം ഇക്കാര്യത്തിൽ വേണമെങ്കിൽ പ്രത്യേക അപേക്ഷ നൽകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുവതീ പ്രവേശന നിയന്ത്രണം അനിവാര്യമായ മതാചാരം ആണെന്നതിന് തെളിവില്ലെന്നും ബോർഡ്‌ കോടതിയിൽ പറഞ്ഞു.