ജനപ്രിയ ചൈനീസ് ആപ്പുകളായ ടിക് ടോക്, ഹെലോ, ലൈക്, തുടങ്ങിയ ആപ്പുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. ഉപയോക്താക്കളുടെ സ്വന്തം കണ്ടന്റിൽ പ്രവർത്തിക്കുന്ന ആപ്പുകളിൽ ദിവസവും 50 ലക്ഷത്തിന് മുകളിൽ സ്ഥിരം സന്ദർശകരുണ്ടെന്നാണ് കണക്ക്. എന്നാൽ ഈ ജനപ്രിയ ആപ്പുകൾക്ക് ഇന്ത്യയിൽ പ്രവർത്തിക്കണമെങ്കിൽ ചില നിയമങ്ങൾ പാലിക്കേണ്ടി വരും.
ഈ കമ്പനികളെല്ലാം ഇന്ത്യ ഓഫിസ് തുടങ്ങണമെന്നും നിയമപരമായ പ്രശ്നങ്ങൾ പരിഹരിക്കാൻ വഴിയൊരുക്കണമെന്നുമാണ് കേന്ദ്രത്തിന്റെ പ്രധാന നിർദ്ദേശം. ഇത് സംബന്ധിച്ച വിശദമായ റിപ്പോർട്ട് തയാറാക്കുകയാണ് കേന്ദ്രസർക്കാർ. ഐടി, ഇലക്ട്രോണിക് മന്ത്രാലയമാണ് ചൈനീസ് ആപ്പുകൾക്കെതിരായ പുതിയ നിയമങ്ങൾ മുന്നോട്ടുവയ്ക്കുന്നത്.
എല്ലാ കമ്പനികളും ഇന്ത്യയിൽ ഓഫിസ് തുടങ്ങണം. ഇന്ത്യയിൽ സജീവമായ ജനപ്രിയ ആപ് ടിക് ടോകിന് ചെറിയൊരു ഓഫിസ് പോലുമില്ല. ആപ്പിലെ ഉള്ളടക്കവുമായി ബന്ധപ്പെട്ടു കേസുകളെല്ലാം ഇവിടെ തന്നെ പരിഹരിക്കേണ്ടി വരും. രാജ്യത്തിനു ഭീഷണിയായ ഉള്ളടക്കങ്ങളെല്ലാം സമയത്തിനു നീക്കം ചെയ്യാൻ സംവിധാനം ഒരുക്കണമെന്നും നിർദ്ദേശമുണ്ട്.