ഭോപ്പാൽ: പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തിനു പിന്നാലെ കോൺഗ്രസിൽ മറ്റൊരു പ്രിയ കൂടി രാഷ്ട്രീയത്തിലെത്തുന്നു. മുൻ കേന്ദ്രമന്ത്രിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ ജ്യോതിരാദിത്യ സിന്ധ്യയുടെ ഭാര്യ പ്രിയദർശിനി രാജെ സിന്ധ്യയാണ് മദ്ധ്യപ്രദേശിൽ സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. ഇക്കാര്യത്തിൽ പാർട്ടി പ്രവർത്തകരുടെ സമ്മർദ്ദം ശക്തമായിട്ടുണ്ടെന്നാണ് സൂചന. മന്ത്രി പ്രദ്യുമ്ൻ സിംഗ് തോമറാണ് പ്രിയദർശിനിയെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജ്യോതിരാദിത്യ സിന്ധ്യയ്ക്കുവേണ്ടി പ്രചാരണപ്രവർത്തനങ്ങളിൽ പങ്കെടുത്തതൊഴികെ രാഷ്ട്രീയ രംഗത്ത് സജീവമല്ല സിന്ധ്യ കുടുംബത്തിന്റെ മരുമകൾ.

പ്രിയങ്കയുടെ വരവ് യു.പിയിലെ ജനങ്ങൾക്കിടയിൽ പാർട്ടിക്കുണ്ടാക്കിയ സ്വാധീനശക്തി, പ്രിയദർശിനിയുടെ രാഷ്ട്രീയപ്രവേശനത്തോടെ മദ്ധ്യപ്രദേശിൽ സാദ്ധ്യമാകുമെന്നാണ് തോമറിന്റെ വിലയിരുത്തൽ.

സിന്ധ്യ കുടുംബത്തിന്റെ ശക്തികേന്ദ്രമാണ് ഗുണ-ശിവപുരി മണ്ഡലം. വിജയ് രാജെ സിന്ധ്യയും മാധവരാജെയും വിജയിച്ച ഗുണ-ശിവപുരി മണ്ഡലത്തിൽ 2002 മുതൽ ജ്യോതിരാദിത്യ സിന്ധ്യയാണ് മത്സരിക്കുന്നത്. ഇവിടെ ഇക്കുറി പ്രിയദർശിനി മത്സരിക്കുമെന്നാണ് സൂചന.