nss

കോട്ടയം: ഇടതുമുന്നണിയുമായി 'സമദൂരം' പാലിച്ചു വന്ന എൻ.എസ്.എസ് ഇടതു വിരുദ്ധ 'ശരി ദൂരത്തിലേക്ക് 'ചായുന്നു. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർത്ഥിയെ കൈയയച്ചു പിന്തുണച്ച എൻ.എസ്.എസ് ലോക് സഭാ തിര‌‌ഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിനിൽക്കെ ഇടതു മുന്നണിയോട് മുഖം തിരിച്ചു നിൽക്കുകയാണ്.

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ രൂക്ഷ വിമർശനത്തിന് അതേ നാണയത്തിൽ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ തിരിച്ചടി നൽകിയതോടെ ഇഴ ചേരാനാവാത്ത വിധം അകൽച്ച പ്രകടമായി. നേതൃത്വം പറയുന്നത് അണികൾ കേൾക്കില്ലെന്ന് സുകുമാരൻ നായരെ കുത്തി ഇടതു മുന്നണി കൺവീനർ ഏ.വിജയരാഘവൻ പറഞ്ഞത് ഇടതുമുന്നണിയോട് എൻ.എസ്.എസ് തിരിഞ്ഞതിന്റെ സാക്ഷ്യപത്രവുമായി.

ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പം ആദ്യാവസാനം ഉറച്ചു നിന്നത് ബി.ജെ.പി അനുകൂല നിലപാടായി വ്യാഖ്യാനിക്കുമ്പോഴും എൻ.എസ്.എസിന് ഏറെ താത്പര്യമുള്ള കെ.സി.വേണുഗോപാൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിലും രമേശ് ചെന്നിത്തല സംസ്ഥാന നേതൃത്വത്തിലും താക്കോൽ സ്ഥാനത്തെത്തിയതോടെ യു.ഡി.എഫിനെ സഹായിക്കുന്ന ശരിദൂരത്തിലേക്ക് അടുക്കുന്നവെന്ന സൂചന പ്രകടമായി . സമദൂരംഉപേക്ഷിച്ചെന്ന് മനസിലാക്കിയാണ് നിഴൽ യുദ്ധം നടത്താതെ രാഷ്ടീയ നിലപാട് വ്യക്തമാക്കണമെന്ന കോടിയേരിയുടെ പ്രസ്താവന.

കോടിയേരിയെ വിമർശിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമെത്തിയെന്നത് ശ്രദ്ധേയമാണ് . എൻ.എസ്.എസിന് മേൽ കുതിരകയറാതെ കോടിയേരി ആദ്യം എൻ.എസ്.എസ് ചരിത്രംപഠിക്കണമെന്നതായിരുന്നു മുല്ലപ്പള്ളിയുടെ ഉപദേശം. യു.ഡി.എഫ് കൺവീനറും എൻ.എസ്.എസിനെ പിന്തുണയ്ക്കാനെത്തി.

ശബരിമല യുവതി പ്രവേശന വിവാദത്തോടെയാണ് എൻ.എസ്.എസ് സി.പി.എം നേതൃത്വവുമായി അകന്നത്. ശബരിമല വിവാദത്തിൽ സർക്കാർ വിശ്വാസികൾക്കെതിരായ നിലപാട് സ്വീകരിച്ചതോടെ അകൽച്ച രൂക്ഷമായത്. എൻ.എസ്.എസിനെ കടന്നാക്രമിക്കുന്ന നിലപാട് ആദ്യഘട്ടത്തിൽ സി.പി.എം സ്വീകരിച്ചിരുന്നില്ല. നവോത്ഥാന മതിൽ വർഗീയമതിലെന്ന് പരിഹസിക്കുകയും പങ്കെടുക്കുന്ന സമുദായാംഗങ്ങൾക്കെതിരെ നടപടിഎടുക്കുമെന്ന മുന്നറിയിപ്പോടെയാണ് സി.പി.എം കടന്നാക്രമണം തുടങ്ങിയത്. ഇരു കൂട്ടരും മത്സരിച്ചെന്നോണം വാക് പോരാട്ടംശക്തമാക്കിയതോടെ അകൽച്ച രൂക്ഷമായി .രാഷ്ടീയം പറയണമെങ്കിൽ എൻ.എസ്.എസ് പുതിയ രാഷ്ടീയപാർട്ടി രൂപീകരിച്ച് അഭിപ്രായം പറയണമെന്നും എൻ.ഡി.പി പിരിച്ചു വിടേണ്ടി വന്നത് വലിയ അഴിമതിപാർട്ടിയായതിനാലെന്നുമുള്ള കോടിയേരിയുടെ പരിഹാസത്തിന് എൻ.എസ്.എസിനെ ആരും രാഷ്ടീയം പഠിപ്പിക്കാൻ വരേണ്ടെന്നും സമുദായ നിലപാടുകളെ വിമർശിക്കാൻ കോടിേയരിക്കോ അനുയായികൾക്കോ അവകാശമില്ലെന്നുള്ള ള മറുപടി നൽകി സുകുമാരൻ നായർ അങ്കം കൊഴുപ്പിച്ചിരിക്കുകയാണ്.