തിരുവനന്തപുരം: ഗുജറാത്ത് ടൂറിസം, ഇൻക്രെഡിബിൾ ഇന്ത്യ എന്നിവയെ മറികടന്ന് കേരള ടൂറിസത്തിന്റെ ഫേസ്ബുക്ക് പേജിന് നേട്ടം. ഇരുപതുലക്ഷത്തിലേറെ ഫോളോവേഴ്സിനെ സ്വന്തമാക്കിയാണ് രാജ്യത്തെ മറ്റു ടൂറിസം വകുപ്പുകളുടെ പോർട്ടലുകളെ മറികടന്ന് കേരളത്തിന്റെ ഈ നേട്ടമെന്ന് ടൂറിസം വകുപ്പ് അറിയിച്ചു.
സോഷ്യൽ മീഡിയയിൽ സാന്നിദ്ധ്യം തെളിയിച്ച ടൂറിസം വകുപ്പുകളിൽ ആദ്യത്തേതിൽപ്പെടുന്നതാണ് സംസ്ഥാന ടൂറിസം വകുപ്പിന്റെ ഫേസ്ബുക്ക് പേജ്. കേരളത്തിന്റെ വിനോദസഞ്ചാര മേഖലയെക്കുറിച്ച് വ്യക്തമായ വിവരണം നൽകുന്നതിനൊപ്പം ഉത്തരവാദിത്ത വിനോദസഞ്ചാരവും ഗ്രാമീണ ജീവിതാനുഭവങ്ങളും ഈ പേജിൽ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.
2014 ഓഗസ്റ്റിലാണ് @keralatourismofficial എന്ന ഔദ്യോഗിക ഫേസ്ബുക്ക് പേജ് പത്തുലക്ഷം ഫോളേവേഴ്സിനെ തികച്ചത്. പ്രളയത്തിനു ശേഷം സഞ്ചാരികളെ വരവേല്‍ക്കാന്‍ കേരളം സജ്ജമായി എന്ന് ലോകത്തോട് അറിയിക്കുന്നതില്‍ ഫെയ്സ് ബുക്ക് പേജ് സുപ്രധാന പങ്കാണ് വഹിച്ചത്.
2.4 ദശലക്ഷത്തിലധികം ലൈക്കുകൾ കേരള ടൂറിസത്തിനുളളപ്പോള്‍ 1.3 ദശലക്ഷത്തിലധികം ലൈക്കുകൾ ഗുജറാത്ത് ടൂറിസത്തിനും 1.2 ദശലക്ഷത്തിലധികം ലൈക്കുകൾ ഇൻക്രെഡിബിൾ ഇന്ത്യയ്ക്കും ലഭിച്ചിട്ടുണ്ട്.
മറ്റു അന്താരാഷ്ട്ര പേജുകളുമായി താരതമ്യം ചെയ്യുമ്പോഴും കേരള ടൂറിസം പേജിന് മികച്ച സ്ഥാനമാണുള്ളത്. ടൂറിസം മലേഷ്യയ്ക്ക് 3.4 ദശലക്ഷവും വിസിറ്റിംഗ് സിങ്കപ്പുരിന് 3.1 ദശലക്ഷവും അമൈസിംഗ് തായ്ലൻഡിന് 2.5 ദശലക്ഷവും ഫോളോവേഴ്സുണ്ട്. 2.4 ദശലക്ഷം ഫോളോവേഴ്സുമായി കേരള ടൂറിസം നാലാം സ്ഥാനത്തുണ്ട്.
ജമ്മുകാശ്മീരിന്റെയും ഗുജറാത്ത് ടൂറിസത്തിന്റെയും ഫേസ്ബുക്ക് പേജുകളെ പിന്നിലാക്കി ഫേസ്ബുക്കിൽ വിനോദസഞ്ചാരികളേയും അവരുടെ പ്രതികരണത്തേയും ഷെയറുകളേയും അടിസ്ഥാനമാക്കിയുള്ള റാങ്കിംഗിൽ കഴിഞ്ഞ വർഷം കേരള ടൂറിസം ഒന്നാംസ്ഥാനത്തെത്തിയിരുന്നു. ട്വിറ്ററിലും ഇൻസ്റ്റാഗ്രാമിലും കേരള ടൂറിസത്തിന്റെ ശക്തമായ സാന്നിദ്ധ്യമുണ്ട്.