അലിഗഡ്: മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ ഗാന്ധിവധം പുനഃസൃഷ്ടിച്ച സംഭവത്തിൽ ഹിന്ദുമഹാസഭ നേതാവ് പൂജാ ശകുൻ പാണ്ഡെയെയും ഭർത്താവ് അശോക് പാണ്ഡെയെയും ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. അലിഗഡിൽ നിന്നാണ് ഇരുവരേയും പിടികൂടിയത്. രക്തസാക്ഷിത്വ ദിനത്തിലാണ് പൂജാ ശകുൻപാണ്ഡെ ഗാന്ധിയുടെ പ്രതിരൂപത്തിൽ കളിത്തോക്കിന് വെടിയുതിർത്തത്. തുടർന്ന് പ്രവർത്തകർക്ക് മധുരവും വിതരണം ചെയ്തു. ഗാന്ധിജിയെ വെടിവെച്ചുകൊന്ന നാഥുറാം വിനായക് ഗോഡ്സെയുടെ പ്രതിമയിൽ ഹിന്ദു മഹാസഭ പ്രവർത്തകർ മാല അണിയിക്കുകയും ചെയ്തിരുന്നു.
സംഭവത്തിൽ 12 പേർക്കെതിരെ ഉത്തർപ്രദേശ് പൊലീസ് ക്രിമിനൽ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങളിലുണ്ടായിരുന്ന മൂന്ന് പേരെ കഴിഞ്ഞ ആഴ്ച പിടികൂടിയിരുന്നു. ഗാന്ധി രക്തസാക്ഷി ദിനത്തിലാണ് ഗോഡ്സെയ്ക്ക് ആദരം അർപ്പിച്ച് ഹിന്ദുമഹാസഭ ശൗര്യ ദിവസ് ആചരിക്കുന്നത്.