la

കൊച്ചി: കേരളത്തിലെയും തമിഴ്‌നാട്ടിലെയും സ്‌കൂളുകൾക്കായി വണ്ടർല ഏർപ്പെടുത്തിയ പരിസ്‌ഥിതി-ഊർജ സംരക്ഷണ അവാർഡുകൾ കൊച്ചിയിൽ നടന്ന ചടങ്ങിൽ ചലച്ചിത്രതാരം കലാഭവൻ ഷാജോൺ വിതരണം ചെയ്‌തു. വണ്ടർല ഹോളിഡേയ്‌സ് സ്ഥാപകൻ കൊച്ചൗസേപ്പ് ചിറ്രിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. വണ്ടർല ഹോളിഡേയ്‌സ് സി.എഫ്.ഒ ജേക്കബ് കുരുവിള,​ വണ്ടർല കൊച്ചി പാർക്ക് ഹെഡ് എം.എ. രവികുമാർ,​ എൻജിനിയറിംഗ് ഡി.ജി.എം വിന്നി കെ. തുടിയൻ,​ പരിസ്‌ഥിതി പ്രവർത്തകനും നാഷണൽ ടീച്ചേഴ്‌സ് അവാർഡ് ജേതാവുമായ ടി.എം. വർഗീസ് എന്നിവർ സംസാരിച്ചു.

ഒന്നാംസ്ഥാനം നേടിയ ഇടുക്കി അടിമാലിയിലെ വിശ്വദീപ്‌തി സി.എം.ഐ പബ്ളിക് സ്‌കൂൾ 50,​000 രൂപയും രണ്ടാംസ്ഥാനക്കാരായ ഈറോഡ് ഭാരതി വിദ്യാഭവൻ മെട്രിക് എച്ച്.എസ്.എസ്.,​ തൃശൂർ പാറമേക്കാവ് വിദ്യാമന്ദിർ എന്നിവ 25,​000 രൂപയും മൂന്നാമതെത്തിയ ആലപ്പുഴ പാണാവള്ളി എം.എ.എം എൽ.പി.എസ്.,​ എറണാകുളം കങ്ങരപ്പടി ഹോളി ക്രോസ് കോൺവെന്റ് സ്‌കൂൾ,​ തിരുവനന്തപുരം പാങ്ങോട് കെ.വി.യു.പി സ്‌കൂൾ എന്നിവ 15,​000 രൂപയും കരസ്ഥമാക്കി. വിജയികളായ സ്‌കൂളുകൾക്ക് ക്യാഷ് അവാർഡിന് പുറമേ ട്രോഫിയും സർട്ടിഫിക്കറ്റും നൽകി.