കൽപ്പറ്റ: മുഖ്യമന്ത്രി പിണറായി വിജയൻ ഒരുകാര്യവും ചെയ്യാതെ എല്ലാത്തിനും അധിപനായി പ്രധാനമന്ത്രി മോദിയെപ്പോലെ കഴിയുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കുറ്റപ്പെടുത്തി. കാസർകോട്ട് നിന്ന് ആരംഭിച്ച ജനമഹായാത്രയുടെ വയനാട്ടിലെ സ്വീകരണ പരിപാടികളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഒന്നും നിറവേറ്റാൻ മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞിട്ടില്ല. കർഷകർ അനുദിനം ദുരിതത്തിലേക്ക് നീങ്ങുന്നു. ഇവരെ കൈ പിടിച്ച് ഉയർത്താൻ ഇവിടെ ഒരു സർക്കാരോ സംവിധാനമോ ഇല്ലെന്ന് വന്നിരിക്കുന്നു. ഉമ്മൻചാണ്ടി കേരളത്തിലെ മുഖ്യമന്ത്രി ആയിരുന്നപ്പോൾ ഇതായിരുന്നോ സ്ഥിതി?.എല്ലായിടത്തും അദ്ദേഹം ഒാടിയെത്തി. പ്രശ്നങ്ങൾ പഠിച്ച് പരിഹാരം കണ്ടെത്തി. കേരളത്തിൽ ഇപ്പോൾ ഭരണം നടക്കുന്നില്ല. കേരള ജനതയ്ക്ക് വലിയൊരു കൈയബദ്ധം പറ്റി. അത് വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ ഉണ്ടാകാൻ പാടില്ല. ഉത്പന്നങ്ങൾക്കൊന്നും വിലയില്ല. വിളയും നശിച്ചു. പരിഹാരമൊന്നും സർക്കാരിന്റെ പക്കലില്ല.
ശബരിമല വിഷയത്തിലൂടെ ജനശ്രദ്ധ തിരിച്ച് വിടാനാണ് പിണറായി ശ്രമിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിൽ വന്നത് ചരിത്രത്തിലെ ക്രൂരവിനോദമായേ കാണാനൊക്കൂ. രാജ്യത്തെ തീവ്രഹിന്ദുത്വ രാഷ്ട്രമാക്കി മാറ്റാൻ ശ്രമിക്കുകയാണ്. ക്രിസ്ത്യാനികളും മുസ്ളിങ്ങളും ഭയന്നാണ് കഴിയുന്നത്- മുല്ലപ്പള്ളി പറഞ്ഞു. മാനന്തവാടിയിൽ നടന്ന ചടങ്ങിൽ അഡ്വ. എൻ.കെ. വർഗീസ് അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ലയിലെ സ്വീകരണ പരിപാടികൾക്ക് ശേഷം വയനാട്ടിലെത്തിയ ജനമഹായാത്രയെ ജില്ലാ കവാടമായ ബോയ്സ് ടൗണിൽ വച്ച് ഡി.സി.സി പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണന്റെ നേതൃത്വത്തിൽ നേതാക്കൾ സ്വീകരിച്ചു. തുടർന്ന് തുറന്ന വാഹനത്തിൽ മുല്ലപ്പള്ളിയെ മാനന്തവാടിയിലേക്ക് ആനയിച്ചു. വൈകിട്ട് ആറ് മണിയോടെ മാനന്തവാടിയിൽ ഗാന്ധി പാർക്കിലായിരുന്നു ആദ്യ സ്വീകരണം. തുടർന്ന് സുൽത്താൻ ബത്തേരിയിലും ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിലും യാത്രയ്ക്ക് വരവേല്പ് ലഭിച്ചു.