arrest

മാനന്തവാടി: അമ്മയ്ക്ക് കോടതി നൽകാൻ വിധിച്ച ജീവനാംശം ഒരു വർഷം കഴിഞ്ഞിട്ടും നൽകാത്തതി​ന് മകനെ കോടതി ഒരു മാസത്തെ തടവിന് ശിക്ഷിച്ചു. മേപ്പാടി കോട്ടപ്പടി പാക്കളികൊരട്ടി വീട് രാജുവിനെയാണ് (45) സബ്ഡിവിഷണൽ മജിസ്‌ട്രേട്ടും മെയിന്റനൻസ് ട്രൈബ്യൂണൽ ചെയർമാനുമായ മാനന്തവാടി സബ് കളക്ടർ എൻ.എസ്.കെ. ഉമേഷ് ശിക്ഷിച്ചത്.
രാജുവിന്റെ അമ്മ വൈത്തിരി വട്ടപ്പാറ വീട്ടിൽ മാധവി തന്നെ സംരക്ഷിക്കുന്നില്ലെന്നും ഉപദ്രവിക്കുന്നുവെന്നും കാണിച്ച് ഒരു വർഷം മുൻപ് പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് ആയിരം രൂപ മാസം ജീവനാംശം നൽകാനും വീട്ടിൽ താമസിക്കുന്നതിന് സംരക്ഷണം ഉറപ്പ് വരുത്താനും കോടതി ഉത്തരവിട്ടു.എന്നാൽ മകനും മരുമകളും ഇതിന് തയ്യാറായില്ലെന്ന് കാണിച്ച് മാധവി വീണ്ടും മെയിന്റനൻസ് ട്രൈബ്യൂണൽ ആൻഡ് സബ് ഡിവിഷണൽ മജിസ്‌ട്രേട്ട് കോടതിയിൽ ഹർജി നൽകുകയായിരുന്നു. കോടതി പലതവണ സമൻസ് അയച്ചിട്ടും രാജു കോടതിയിൽ ഹാജരായില്ല. ഇതേത്തുടർന്ന് കോടതി വാറണ്ട് പുറപ്പെടുവിക്കുകയും മേപ്പാടി പൊലീസ് രാജുവിനെ ഇന്നലെ കോടതിയിൽ ഹാജരാക്കുകയുമായിരുന്നു. രാജുവിനെ മാനന്തവാടി ജില്ലാ ജയിലിലേക്ക് മാറ്റി.