മുംബയ്: ''എന്നോട് ചോദിക്കാതെ എന്നെ പെറ്രു വളർത്താൻ നിങ്ങൾക്കെന്തവകാശം?" വളർന്നു കഴിയുമ്പോൾ മക്കൾ ഇത്തരമൊരു ചോദ്യം മുഖത്തു നോക്കി ചോദിച്ചാലോ!
തന്റെ അനുമതി ചോദിക്കാതെ തന്നെ പ്രസവിച്ച് വളർത്തിയതിന് അച്ഛനും അമ്മയ്ക്കുമെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് മുംബയിൽ നിന്നുള്ള ഒരു യുവാവ്. കഴിഞ്ഞ ദിവസം സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഇയാൾ ഇക്കാര്യം അറിയിച്ചത്. പ്രത്യുത്പാദനം പാപമാണെന്ന് വിശ്വസിക്കുന്ന 'ആന്റി നാറ്റലിസ്റ്റ്" ആണെന്നാണ് 27 കാരനായ റാഫേൽ സാമുവൽ സ്വയം വിശേഷിപ്പിക്കുന്നത്.
''ഇന്ത്യയിലെയും ലോകത്തിലെയും എല്ലാവരും ഒരു കാര്യം തിരിച്ചറിയണം. നിങ്ങൾ ജനിച്ചത് നിങ്ങളുടെ അനുമതിയില്ലാതെയാണ്. നിങ്ങൾക്ക് നിങ്ങളുടെ രക്ഷിതാക്കളോട് യാതൊരു കടപ്പാടുമില്ല. എന്റെ അനുവാദം ചോദിക്കാതെ എന്ന പ്രസവിച്ചതിനാണ് രക്ഷിതാക്കൾക്കെതിരെ കോടതിയെ സമീപിക്കുന്നത്"
-വെപ്പുതാടിയും മീശയും കൂളിംഗ് ഗ്ലാസും ധരിച്ചെത്തിയ റാഫേൽ വീഡിയോയിൽ പറയുന്നു.
ഭൂമിയിലെ ഏറ്റവും നികൃഷ്ടമായ കർമ്മമാണ് പ്രത്യുത്പാദനമെന്നും ഒരു കുട്ടിയെ അതിന്റെ അനുവാദമില്ലാതെ ഭൂമിയിൽ കഷ്ടപ്പെടുത്തുന്നത് തെറ്റാണെന്നും ഇയാൾ ഫേസ്ബുക്ക് പോസ്റ്റുകളിൽ നേരത്തേ അഭിപ്രായപ്പെട്ടിട്ടുണ്ട്.