ന്യൂഡൽഹി: വായ്‌പാ വിതരണത്തിൽ വളർച്ച നേടാനുള്ള പണം കണ്ടെത്താനായി ബാങ്കുകൾ നിക്ഷേപങ്ങൾക്കുമേലുള്ള പലിശ വർദ്ധിപ്പിച്ചേക്കും. 2017-18 സാമ്പത്തിക വർഷം വായ്‌പാ വിതരണ വളർച്ച എട്ട് ശതമാനമായിരുന്നു. 2019-20ഓടെ ഇത് കുറഞ്ഞത് 13-14 ശതമാനത്തിലേക്ക് ഉയർത്തേണ്ടതുണ്ട്. ഈ ലക്ഷ്യം നേടാൻ നിക്ഷേപ ഇനത്തിൽ 20 ലക്ഷം കോടി രൂപ ബാങ്കുകൾ സമാഹരിക്കേണ്ടി വരുമെന്ന് പ്രമുഖ ഗവേഷണ സ്ഥാപനമായ ക്രിസിലിന്റെ റിപ്പോർട്ട് സൂചിപ്പിച്ചു.
നിക്ഷേപ പലിശ വർദ്ധിപ്പിച്ച് പണം കണ്ടെത്താനായിരിക്കും ശ്രമം. ഇത്, സ്ഥിരനിക്ഷേപങ്ങൾ ഉൾപ്പെടെ നടത്തുന്ന ഉപഭോക്താക്കൾക്ക് നേട്ടമാകും. കഴിഞ്ഞ ഏതാനും വർഷങ്ങളായി നിക്ഷേപ വളർച്ചയും താഴോട്ടാണ്. അനാകർഷകമായ പലിശനിരക്കാണ് പ്രധാന കാരണം. ഈ പ്രതിസന്ധി മറികടക്കാനായി കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ ബാങ്കുകൾ 0.40 മുതൽ 0.60 ശതമാനം വരെ നിക്ഷേപ പലിശ കൂട്ടിയിരുന്നു. വരും മാസങ്ങളിലും നിക്ഷേപ പലിശ ബാങ്കുകൾ ഉയർത്തിയേക്കും. സമാഹരിക്കുന്ന മൊത്തം നിക്ഷേപത്തിന്റെ 55-60 ശതമാനം മികച്ച ബാലൻസ് ഷീറ്റുള്ള സ്വകാര്യ ബാങ്കുകൾ സ്വന്തമാക്കാനാണ് സാദ്ധ്യത. പൊതുമേഖലാ ബാങ്കുകളിലേക്ക് 30-35 ശതമാനം നിക്ഷേപമൊഴുകുമെന്നും റിപ്പോർട്ട് സൂചിപ്പിച്ചു.