money

ന്യൂഡൽഹി: വായ്‌പാ വിതരണത്തിൽ വളർച്ച നേടാനുള്ള പണം കണ്ടെത്താനായി ബാങ്കുകൾ നിക്ഷേപങ്ങൾക്കുമേലുള്ള പലിശ വർദ്ധിപ്പിച്ചേക്കും. 2017-18 സാമ്പത്തിക വർഷം വായ്‌പാ വിതരണ വളർച്ച എട്ട് ശതമാനമായിരുന്നു. 2019-20ഓടെ ഇത് കുറഞ്ഞത് 13-14 ശതമാനത്തിലേക്ക് ഉയർത്തേണ്ടതുണ്ട്. ഈ ലക്ഷ്യം നേടാൻ നിക്ഷേപ ഇനത്തിൽ 20 ലക്ഷം കോടി രൂപ ബാങ്കുകൾ സമാഹരിക്കേണ്ടി വരുമെന്ന് പ്രമുഖ ഗവേഷണ സ്ഥാപനമായ ക്രിസിലിന്റെ റിപ്പോർട്ട് സൂചിപ്പിച്ചു.

നിക്ഷേപ പലിശ വർദ്ധിപ്പിച്ച് പണം കണ്ടെത്താനായിരിക്കും ശ്രമം. ഇത്,​ സ്ഥിരനിക്ഷേപങ്ങൾ ഉൾപ്പെടെ നടത്തുന്ന ഉപഭോക്താക്കൾക്ക് നേട്ടമാകും. കഴിഞ്ഞ ഏതാനും വർഷങ്ങളായി നിക്ഷേപ വളർച്ചയും താഴോട്ടാണ്. അനാകർഷകമായ പലിശനിരക്കാണ് പ്രധാന കാരണം. ഈ പ്രതിസന്ധി മറികടക്കാനായി കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ ബാങ്കുകൾ 0.40 മുതൽ 0.60 ശതമാനം വരെ നിക്ഷേപ പലിശ കൂട്ടിയിരുന്നു. വരും മാസങ്ങളിലും നിക്ഷേപ പലിശ ബാങ്കുകൾ ഉയർത്തിയേക്കും. സമാഹരിക്കുന്ന മൊത്തം നിക്ഷേപത്തിന്റെ 55-60 ശതമാനം മികച്ച ബാലൻസ് ഷീറ്റുള്ള സ്വകാര്യ ബാങ്കുകൾ സ്വന്തമാക്കാനാണ് സാദ്ധ്യത. പൊതുമേഖലാ ബാങ്കുകളിലേക്ക് 30-35 ശതമാനം നിക്ഷേപമൊഴുകുമെന്നും റിപ്പോർട്ട് സൂചിപ്പിച്ചു.