
മാനന്തവാടി: ഒരുകോടി മുപ്പത് ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. കാട്ടിക്കുളത്ത് നടത്തിയ വാഹനപരിശോധനയിലാണ് കുഴൽപ്പണം പിടികൂടിയത്. നിറയെ ഉരുളക്കിഴങ്ങ് ചാക്കുകളുമായി വന്ന കെഎൽ 57 ആർ 1109 നമ്പർ ഗുഡ്‌സ് വാഹനത്തിൽ നിന്നാണ് പണം പിടികൂടിയത്. ഉരുളക്കിഴങ്ങ് ചാക്കുകൾക്കിടയിൽ മറ്റൊരു ചാക്കിലാണ് പണം ഒളിപ്പിച്ചുവച്ചിരുന്നത്. തിരുനെല്ലി എസ്‌ഐ ബിജു ആന്റണിയും, എ.എസ്.ഐ അബ്ദുള്ളയുമടക്കമുള്ള പൊലീസ് സംഘം ചാക്കുകൾക്കിടയിൽ പരിശോധിച്ചപ്പോഴാണ് കുഴൽപ്പണം കണ്ടെത്തിയത്.
ബംഗളൂരുവിൽ നിന്നു കൊടുവള്ളിയിലേക്ക് കടത്തുകയായിരുന്നു പണം. സംഭവവുമായി ബന്ധപ്പെട്ട് പണം കടത്തിയ കോഴിക്കോട് അടിവാരം കൊച്ചുമാരിയിൽ റഫീഖിനെ (40) അറസ്റ്റ് ചെയ്തു . വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൂടെയുണ്ടായിരുന്ന അഷ്‌റഫിനെ കുറിച്ച് സൂചന ലഭിച്ചത്. വാഹനം പിടികൂടുന്നതിന് മുമ്പായി ഇയാൾ രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അഷ്‌റഫിനെ കാട്ടിക്കുളത്ത് നിന്നു പിടികൂടുകയായിരുന്നു .