a-jayashankar-

കൊച്ചി : ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് എൻ.എസ്.എസ് നൽകിയ പുനഃപരിശോധന ഹർജി സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും സുപ്രീംകോടതിയിൽ എതിർത്ത സാഹചര്യത്തിൽ കരയോഗം മെമ്പറായ ഒരു നായരും മാർക്‌സിസ്റ്റ് പാർട്ടിക്ക് മേലിൽ വോട്ടു ചെയ്യില്ലെന്ന് പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ.എ.ജയശങ്കർ.

നായർ സർവീസ് സൊസൈറ്റിയുടെ അഭിമാന പ്രശ്‌നമാണ് ശബരിമല യുവതി പ്രവേശനം. ജഡ്ജിമാർക്ക് സദ്ബുദ്ധി തോന്നാൻ സമുദായാംഗങ്ങൾ എല്ലാവരും സമീപത്തുള്ള ക്ഷേത്രത്തിൽ വഴിപാട് കഴിപ്പിച്ചു പ്രാർത്ഥിക്കണം എന്ന് ജനറൽ സെക്രട്ടറി കീഴ്ഘടകങ്ങള്‍ക്കു നിർദ്ദേശവും നൽകി. അതുകൊണ്ട് തന്നെ പുനഃപരിശോധന ഹര്‍ജിയെ എതിർത്തു വാദിച്ച ദേവസ്വം ബോർഡിനോടും സർക്കാരിനോടും സർവീസ് സൊസൈറ്റി ഒരിക്കലും ഒരു കാരണവശാലും ക്ഷമിക്കില്ല. കരയോഗം മെമ്പറായ ഒരു നായരും മാർക്സിസ്റ്റ് പാർട്ടിയ്ക്ക് മേലിൽ വോട്ടു ചെയ്യില്ല. ഭഗവാൻ ധർമ്മശാസ്താവാണെ സത്യം.- ജയശങ്കർ ഫേസ്ബുക്കിൽ കുറിച്ചു.

അഡ്വ.എ. ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ് :

ശബരിമല കേസിൽ സുപ്രീംകോടതി പുന:പരിശോധന ഹർജികൾ വാദം കേട്ടു, വിധി പറയാനെടുത്തു. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് രണ്ടിലൊന്നറിയാൻ കഴിഞ്ഞേക്കും.

നായർ സർവീസ് സൊസൈറ്റിയുടെ അഭിമാന പ്രശ്നമാണ് ശബരിമല യുവതി പ്രവേശനം. മുൻ അറ്റോർണി ജനറൽ പരാശരനെ വക്കാലത്ത് ഏല്പിച്ചു. ജഡ്ജിമാർക്കു സദ്ബുദ്ധി തോന്നാൻ സമുദായാംഗങ്ങൾ എല്ലാവരും സമീപത്തുള്ള ക്ഷേത്രത്തിൽ വഴിപാട് കഴിപ്പിച്ചു പ്രാർത്ഥിക്കണം എന്ന് ജനറൽ സെക്രട്ടറി കീഴ്ഘടകങ്ങൾക്കു നിർദേശവും നൽകി.ഇനി എല്ലാം ഭഗവാന്റെ കയ്യിൽ.

പക്ഷേ, ഒരു കാര്യമുണ്ട്. പുന:പരിശോധന ഹർജിയെ എതിർത്തു വാദിച്ച ദേവസ്വം ബോർഡിനോടും സർക്കാരിനോടും സർവീസ് സൊസൈറ്റി ഒരിക്കലും ഒരു കാരണവശാലും ക്ഷമിക്കില്ല.