ബംഗളുരു : ഐ.എസ്.എൽ ഫുട്ബാളിൽ ഇന്നലെ ജയിക്കാനുള്ള സുവർണാവസരം മുന്നിൽവന്ന് മാടിവിളിച്ചിട്ടും സമനിലകൊണ്ട് തൃപ്തിപ്പെട്ട് കേരള ബ്ളാസ്റ്റേഴ്സ്. ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യപകുതിയിൽത്തന്നെ നിലവിലെ ഒന്നാംസ്ഥാനക്കാരായ ബംഗളുരു എഫ്.സിക്കെതിരെ രണ്ട് ഗോളുകൾ നേടി ബ്ളാസ്റ്റേഴ്സ് ഞെട്ടിച്ചു.എന്നാൽ കളി തീർന്നപ്പോൾ 2-2ന് സമനില.
16-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ സ്ളാവിസ സ്റ്റൊയാനോവിച്ചും 40-ാം മിനിട്ടിൽ കറേജ് പെക്കുസനുമാണ് ബ്ളാസ്റ്റേഴ്സിനായി ഗോളുകൾ നേടിയത്.രണ്ടാം പകുതിയിൽ ഉദാന്തസിംഗും സുനിൽ ഛെത്രിയുമാണ് ബംഗളുരുവിന് വേണ്ടി ഗോളുകൾ നേടിയത്. 69-ാം മിനിട്ടിലായിരുന്നു ഉദാന്തയുടെ ഗോൾ. 85--ാം മിനിട്ടിൽ ഛെത്രി കളി സമനിലയിലാക്കി.
റാക്കിപ്പിന്റെ ഒരു മുന്നേറ്റം കീൻ ലെവിസിന്റെ കൈയിൽ തട്ടിയതിന് കിട്ടിയ പെനാൽറ്റിയാണ് സ്റ്റാെയാനോവിച്ച് ആദ്യഗോളാക്കി മാറ്റിയത്. 29-ാം മിനിട്ടിൽ സുനിൽ ഛെത്രി ബ്ളാസ്റ്റേഴ്സിന്റെ വല കുലുക്കിയെങ്കിലും റഫറി ഒഫ് സൈഡ് വിളിച്ചത് ബ്ളാസ്റ്റേഴ്സിന് രക്ഷയായി. 36-ാം മിനിട്ടിൽ ബ്ളാസ്റ്റേഴ്സിന് മറ്റൊരു അവസരം ലഭിച്ചെങ്കിലും 20 വാരഅകലെ നിന്നുള്ള കസിറ്റോയുടെ ഷോട്ട് വലയ്ക്ക് ഇഞ്ചുകളുടെ വ്യത്യാസത്തിൽ മുകളിലേക്ക് പറന്നു. 40-ാം മിനിട്ടിൽ സെമിലെൻ ഡംഗൽ നൽകിയ പാസിൽനിന്നാണ് പെക്കുസഡ രണ്ടാം ഗോൾ നേടിയത്.
വിജയിക്കാനുള്ള സുവർണാവസരം ലഭിച്ചത് തുലച്ചുകളഞ്ഞാണ് ബ്ളാസ്റ്റേഴ്സ് ഇൗ സീസണിലെ എട്ടാം സമനില ഇരന്നുവാങ്ങിയത്. ഇതോടെ 14 കളികളിൽ നിന്ന് 31 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ് ബംഗളുരു.15കളികളിൽ നിന്ന് 11 പോയിന്റുമാത്രമുള്ള ബ്ളാസ്റ്റേഴ്സ് പത്തുടീമുകളുള്ള ലീഗിൽ ഒൻപതാമതാണ്.