ന്യൂഡൽഹി: ഹവാല ഇടപാടുമായി ബന്ധപ്പെട്ട കേസിൽ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വാദ്രയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്തത് ആറു മണിക്കൂർ. ചോദ്യംചെയ്യലിന് ശേഷം വാദ്രയെ രാത്രിയോടെ പുറത്തുവിട്ടു. തന്റെ മേലുള്ള ആരോപണങ്ങൾ വാദ്ര നിഷേധിച്ചതായാണ് റിപ്പോർട്ട്.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ ഹാജരാകാനെത്തിയ വാദ്രയെ പ്രിയങ്ക ഗാന്ധിയും അനുഗമിച്ചിരുന്നു. കേസിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നും താൻ ഭര്‍ത്താവിനൊപ്പം നിലകൊള്ളുമെന്നും പ്രിയങ്ക പറഞ്ഞു. ഭർത്താവിനൊപ്പം എത്തിയത് തന്റെ നിലപാട് സംബന്ധിച്ച വ്യക്തമായ സന്ദേശമാണ് നൽകുന്നതെന്നും അവര്‍ വ്യക്തമാക്കി.
ആഡംബര ഫ്ലാറ്റുകൾ, വില്ലകൾ എന്നിവടയടക്കം ലണ്ടനിലെ ഒമ്പത് വസ്തുവകകൾ ഹവാല ഇടപാടിലൂടെ സമ്പാദിച്ചെന്നാണ് വാദ്ര നേരിടുന്ന ആരോപണം. കേസുമായി ബന്ധപ്പെട്ട പ്രധാന വ്യക്തികളിലൊരാളായ മനോജ് അറോറയുമായി വാദ്രയ്ക്കുള്ള ബന്ധം സംബന്ധിച്ചും എൻഫോഴ്‌സ്‌മെന്റ് ചോദ്യങ്ങൾ ഉന്നയിച്ചതായാണ് റിപ്പോര്‍ട്ട്.
പ്രിയങ്ക ഗാന്ധി കോൺഗ്രസ് ജനറൽ സെക്രട്ടറിയായി സ്ഥാനമേറ്റതിനു തൊട്ടുപിന്നാലെയാണ് വാദ്ര ചോദ്യംചെയ്യലിന് ഹാജരായത്. ഹവാലാ കേസിൽ വാദ്ര പ്രതിയായ സംഭവം ബി.ജെ.പി രാഷ്ട്രീയ വിഷയമായി ഉയർത്തി കൊണ്ടുവരുന്നതിനിടെ വാദ്രക്കൊപ്പം പ്രിയങ്കയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെത്തിയത് ശ്രദ്ധേയമായിരുന്നു.
കേസിൽ നേരത്തെ ഡൽഹി കോടതി വാദ്രയ്ക്ക് 16 വരെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റുമായി സഹകരിക്കണമെന്ന് കോടതി വാദ്രയോട് നിർദേശിക്കുകയും ചെയ്തു. കോടതി നിർദേശപ്രകാരമാണ് വാദ്ര എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്നിൽ ഹാജരായത്.