തിരുവനന്തപുരം:സമൂഹമാദ്ധ്യമങ്ങളിലൂടെയുള്ള അധിക്ഷേപം തടയാനുള്ള നിയമനിർമ്മാണം സർക്കാർ പരിശോധിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സ്ത്രീകളെയും കുട്ടികളെയും സാംസ്കാരിക പ്രവർത്തകരെയും സിനിമാരംഗത്തുള്ളവരെയും രാഷ്ട്രീയ, സാമൂഹ്യ പ്രവർത്തകരെയും വ്യക്തിഹത്യ നടത്തുന്നത് തടയാൻ നിലവിലുള്ള നിയമങ്ങളിൽ പോരായ്മകളുണ്ട്. നിയമനിർമ്മാണം വേണമെന്ന് സർവ്വകക്ഷി യോഗത്തിൽ അഭിപ്രായമുയർന്നതാണ്.
എതിർശബ്ദങ്ങളെ സംസ്കാരശൂന്യമായി കടന്നാക്രമിക്കുകയും വ്യാജ ഐ.ഡികൾ വഴി അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നത് കൂടുകയാണ്. ഇതിനെതിരെ സൈബർ കേസുകൾ എടുക്കാനും തെളിയിക്കാനും കുറ്റക്കാരെ തിരിച്ചറിയാനും സേവനദാതാക്കളുടെ സഹകരണം വേണം. വ്യാജ അക്കൗണ്ടുകൾക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിന് രാജ്യാന്തര നിയമങ്ങൾ തടസമാവുന്നു. വ്യാജ അക്കൗണ്ടുകളുടെ ഉറവിടം വിദേശരാജ്യങ്ങളായിരിക്കും. ചില ഗ്രൂപ്പുകളുടെ വിവരങ്ങൾ കൈമാറാൻ ചില സേവനദാതാക്കൾ തയ്യാറാകില്ല. സേവനദാതാക്കൾ അറിയാതെ വ്യാജ നമ്പരുകളും വിദേശ ഫോൺ നമ്പരുകളും ഉപയോഗിച്ച് അക്കൗണ്ടുകൾ തുടങ്ങുന്നതിനുള്ള സാങ്കേതിക വിദ്യയുണ്ട്. ഇന്ത്യയിലെ എല്ലാ സേവന ദാതാക്കളും ഇത്തരം വിവരങ്ങൾ പങ്കുവയ്ക്കാൻ നിയമനിർമ്മാണം വേണ്ടിവരും.
ജനങ്ങൾക്ക് ഭീഷണിയാകുന്ന പ്രവർത്തനങ്ങളും വ്യാജപ്രചാരണങ്ങളും പൊലീസ് രഹസ്യാന്വേഷണവിഭാഗം, സൈബർ സെൽ മുഖേന നിരീക്ഷിച്ച് തടയും. സൈബർ കുറ്റകൃത്യങ്ങൾ, ഇന്റർനെറ്റിന്റെ സുരക്ഷിതമായ ഉപയോഗം, സൈബർലോകത്തെ ചതിക്കുഴികൾ എന്നിവ സംബന്ധിച്ച് റസിഡൻസ് അസോസിയേഷനുകൾ, ക്ലബ്ബുകൾ, സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, നാഷണൽ സർവ്വീസ് സ്കീം, കോളേജുകൾ, സ്കൂളുകൾ എന്നിവയിലൂടെ ബോധവത്കരണം നൽകുന്നുണ്ട്. 2016 മുതൽ ഇത്തരം 502 കേസുകൾ രജിസ്റ്റർ ചെയ്തതായും മുല്ലക്കര രത്നാകരന്റെ സബ്മിഷന് മുഖ്യമന്ത്രി മറുപടി നൽകി.
കൂടുതൽ മുൻസിഫ് മജിസ്ട്രേറ്റ്
കോടതികൾ
പരിഗണനയിൽ
പുതിയ മുൻസിഫ് മജിസ്ട്രേറ്റ് കോടതികൾ സ്ഥാപിക്കുന്നത് സർക്കാർ പരിശോധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. പുതിയ കോടതികൾ സ്ഥാപിക്കുന്നതിനുള്ള മുൻഗണനാ ലിസ്റ്റ് സർക്കാർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 53 മുൻസിഫ് മജിസ്ട്രേറ്റ് കോടതികളാണ് ലിസ്റ്റിലുള്ളത്. മുൻഗണനാ ലിസ്റ്റിൽ കൂടുതൽ കോടതികളെ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാർ സർക്കാരിന് പ്രൊപ്പോസൽ സമർപ്പിച്ചിട്ടുണ്ട്. ഇതിൽ തളിപ്പറമ്പ് മുൻസിഫ് മജിസ്ട്രേറ്റ് കോടതി ഉൾപ്പെട്ടിട്ടുണ്ടെന്നും ജെയിംസ് മാത്യുവിന്റെ സബ്മിഷന് മുഖ്യമന്ത്രി മറുപടി നൽകി.
മഴക്കാലത്ത്
കരിമണൽ ഖനനം
ഒഴിവാക്കും
മഴക്കാലത്താണ് ഏറ്റവും കടലാക്രമണമുണ്ടാകുന്നതെന്നും ഈ സീസണിൽ കരിമണൽ ഖനനം ഒഴിവാക്കുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. മഴക്കാലത്ത് ഖനനമൊഴിവാക്കണമെന്ന് ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കരിമണൽ വളരെ വിലപ്പെട്ടതാണ്. ഭൂമിയും തീരവും സംരക്ഷിച്ച് കരിമണൽ ഖനനം നടത്തണമെന്നതാണ് സർക്കാർ നിലപാടെന്നും അദ്ദേഹം പി.സി. ജോർജിനെ അറിയിച്ചു.
13 ശിശുമരണങ്ങൾ
2017- 18ൽ അട്ടപ്പാടിയിൽ ആകെ 13 ശിശുമരണങ്ങൾ ഉണ്ടായതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. എന്നാൽ കഴിഞ്ഞ ദിവസം പാസാക്കിയ ഉപധനാഭ്യർത്ഥനയിൽ 34 ശിശുമരണങ്ങൾ ഉണ്ടായെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ബഹളം വച്ചു. താൻ പറഞ്ഞത് 2017 - 18ലെ കണക്കാണെന്നും ഉപധനാഭ്യർത്ഥനയിലേത് മുൻ വർഷത്തെ ഉൾപ്പെടെയുള്ളതായിരിക്കുമെന്നും മന്ത്രി മറുപടി നൽകി. തുടർന്ന് ബഹളം രൂക്ഷമായതോടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടുകയും രണ്ട് കണക്കുകളും പരിശോധിച്ച് ഏതാണ് ശരിയെന്ന് സഭയെ അറിയിക്കുമെന്നും പറഞ്ഞ് രംഗം ശാന്തമാക്കി.
ഹർത്താൽ
ദിനത്തിൽ 393
പേർക്ക് പരിക്ക്
ജനുവരി മൂന്നിന് ബി.ജെ.പി - ആർ.എസ്.എസ് ഹർത്താലുമായി ബന്ധപ്പെട്ട അക്രമത്തിൽ 393 പേർക്ക് പരിക്കേറ്റു. 170 സി.പി.എം, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവർത്തകരും 123 സർക്കാർ ജീവനക്കാരും 100 പൊതുജനങ്ങളും അക്രമത്തിന് ഇരയായി. ഇതിൽ 289 പേർ ചികിത്സ തേടിയെന്നും കെ.ജെ. മാക്സിയുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നൽകി. സേവനാവകാശ നിയമം കാലോചിതമായി പരിഷ്കരിക്കുമെന്ന് മുഖ്യമന്ത്രി സി.കെ. ശശീന്ദ്രനെ അറിയിച്ചു. 121 വകുപ്പുകളിൽ ഇത് നടപ്പാക്കി. ജലമെട്രോ പദ്ധതിക്കായി 8.41 ഹെക്ടർ ഏറ്റെടുക്കും. 13.25 ഏക്കർ വിവിധ വകുപ്പുകളിൽ നിന്നും 7.52 ഏക്കർ സ്വകാര്യ വ്യക്തികളിൽ നിന്നുമാണ് ഏറ്റെടുക്കുക.