തിരുവനന്തപുരം: അംഗീകൃത യോഗ്യതയില്ലാത്തവർക്ക് പ്രാക്ടീസ് പാടില്ലെന്ന സുപ്രീംകോടതി ഉത്തരവുള്ളതിനാൽ പാരമ്പര്യ വൈദ്യന്മാർക്ക് രജിസ്ട്രേഷൻ നൽകാനാവില്ലെന്ന് മന്ത്രി കെ.കെ.ശൈലജ നിയമസഭയിൽ പറഞ്ഞു. ഉത്തരവിനെതിരെ നിയമനിർമ്മാണം നിലനിൽക്കില്ലെന്നാണ് നിയമോപദേശം. തിരു-കൊച്ചി മെഡിക്കൽ കൗൺസിലിൽ പേരില്ലാത്തവർക്ക് പ്രാക്ടീസ് പാടില്ലെന്നാണ് ഉത്തരവ്. പാരമ്പര്യ വൈദ്യന്മാർക്ക് ചികിത്സ നടത്താൻ ഇളവ് അനുവദിച്ച് സർക്കാർ നേരത്തേ ഇറക്കിയ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. പരമ്പരാഗത ചികിത്സാ മേഖലയിലെ ജീവനക്കാരുടെ തൊഴിൽ സുരക്ഷ സംബന്ധിച്ച പ്രശ്നം ചർച്ച ചെയ്യാമെന്നും സി.കൃഷ്ണന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
കാൻസർ
നിർണയത്തിനും
ചികിത്സയ്ക്കും
ബോർഡുകൾ
കാൻസർ വേഗത്തിൽ തിരിച്ചറിയാനും ചികിത്സയ്ക്കുമായി സംസ്ഥാന, ജില്ലാ തലത്തിൽ വിദഗ്ദ്ധ ഡോക്ടർമാരടങ്ങിയ ബോർഡുകൾ രൂപീകരിക്കുമെന്ന് മന്ത്രി കെ.കെ.ശൈലജ നിയമസഭയിൽ പറഞ്ഞു. അഞ്ച് ഗവ. മെഡിക്കൽ കോളേജുകളിലും കാൻസർ സെന്ററുകൾ തുടങ്ങും. ഓങ്കോളജി വിഭാഗത്തിൽ 105 പുതിയ തസ്തികകൾ സൃഷ്ടിച്ചു. മുൻകൂർ രോഗം കണ്ടെത്താനും ചികിത്സയ്ക്കും പുനരധിവാസത്തിനുമായി കാൻസർ സ്ട്രാറ്റജിക് ആക്ഷൻ പ്ലാൻ രൂപീകരിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളെക്കൂടി ഉൾപ്പെടുത്തി കാൻസർ കെയർഗ്രിഡ് രൂപീകരിക്കും. ചികിത്സാ പ്രോട്ടോക്കോളുമുണ്ടാക്കും. ആർ.സി.സി, മലബാർ കാൻസർ സെന്റർ, കൊച്ചിൻ കാൻസർ സെന്റർ എന്നിവയുടെ നേതൃത്വത്തിൽ സമ്പൂർണ കാൻസർ രജിസ്ട്രിയുണ്ടാക്കി കാൻസർ കെയർ ഗ്രിഡുമായി ബന്ധിപ്പിക്കും. രജിസ്ട്രിയുണ്ടാക്കാനുള്ള സർവേയ്ക്ക് ആയുർദീപ്തി എന്ന പദ്ധതിയുണ്ട്. വികസിത രാജ്യങ്ങളിലുള്ള കാൻസർ നിർണയവും ചികിത്സയും ഇവിടെയും ലഭ്യമാക്കും. കാൻസർ ചികിത്സയെ ഇ-ഹെൽത്തുമായി കൂട്ടിച്ചേർക്കും. ഇതോടെ ശാസ്ത്രീയമായി മുൻകൂറായുള്ള രോഗനിർണയം സാദ്ധ്യമാവുമെന്നും എ.എൻ.ഷംസീർ, പാറക്കൽ അബ്ദുള്ള എന്നിവരുടെ സബ്മിഷനുകൾക്ക് മന്ത്രി മറുപടി നൽകി.