തിരുവനന്തപുരം: വെങ്ങാനൂരിൽ അയ്യങ്കാളി സ്ഥാപിച്ച സ്കൂൾ സർക്കാർ ഏറ്റെടുത്ത് അയ്യങ്കാളി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂളാക്കി മാറ്റാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി തോമസ് ഐസക് നിയമസഭയെ അറിയിച്ചു. പരിവർത്തിത ക്രൈസ്തവ കോർപറേഷനുള്ള വകയിരുത്തൽ 10 കോടിയിൽ 20 കോടിയാക്കി ഉയർത്തി.
വനിതാ സിനിമാ സംവിധായകരുടെ ബഡ്ജറ്റ് സിനിമകൾക്ക് പ്രത്യേക ധനസഹായം നൽകുന്നതിന് മൂന്ന് കോടി രൂപ വകയിരുത്തി.പ്രേംനസീർ, പുനത്തിൽ കുഞ്ഞബ്ദുള്ള തുടങ്ങി സാംസ്കാരിക പ്രതിഭകൾക്കും സാംസ്കാരിക സ്ഥാപനങ്ങൾക്കും നവോത്ഥാന നായകരുടെയും മറ്റും സ്മാരകങ്ങൾക്കുമായി അഞ്ച് കോടി രൂപ നീക്കിവച്ചു. എറണാകുളത്ത് പണ്ഡിറ്റ് കെ.പി.കറുപ്പന്റെ സ്മാരക നിർമ്മാണത്തിന് 25 ലക്ഷം രൂപ ചെലവിടും.
11,426 ഹെക്ടർ
ഭൂമിയിൽ പട്ടയം ഉടൻ
കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതിൽ അവശേഷിക്കുന്ന 11,426.589 ഹെക്ടർ ഭൂമിയിൽ പട്ടയം നൽകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ നിയമസഭയെ അറിയിച്ചു. ഈ സർക്കാർ എത്തിയ ശേഷം 1,03,300 പട്ടയങ്ങൾ വിതരണം ചെയ്തു. തൃശൂർ ജില്ലയിൽ മാത്രം 30,123 പട്ടയങ്ങൾ നൽകിയതായും കെ.രാജന്റെ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിനു മറുപടിയായി മന്ത്രി അറിയിച്ചു.
വിശ്വകർമ്മജർക്ക്
ആനുകൂല്യം:
അഭിപ്രായം തേടി
വിശ്വകർമ്മ സമുദായാംഗങ്ങൾക്കു കൂടുതൽ സർക്കാർ ആനുകൂല്യങ്ങൾ നിർദ്ദേശിക്കുന്ന ഡോ. പി.എൻ ശങ്കരൻ കമ്മിഷൻ റിപ്പോർട്ടിലെ ശുപാർശകളെക്കുറിച്ചു വിവിധ വകുപ്പുകളുടെ അഭിപ്രായം തേടിയതായി മന്ത്രി എ.കെ. ബാലൻ നിയമസഭയിൽ അറിയിച്ചു. ചിറ്റയം ഗോപകുമാറിന്റെ സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി .