വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബി.ജെ.പി സ്ഥാനാർത്ഥികളായി പൊതുസ്വതന്ത്രൻമാരെ നിറുത്താൻ ആർ.എസ്.എസ് തയ്യാറെടുക്കുന്നു. പത്തു മണ്ഡലങ്ങളിൽ പൊതുസ്വതന്ത്രന്മാരെ നിറുത്താനാണ് ആർ.എസ്.എസിന്റെ നീക്കമെന്നാണ് റിപ്പോർട്ടുകൾ. പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വർമ്മയുൾപ്പെടെയുള്ളവരുടെ പട്ടിക ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി റാംലാൽ വഴി ബി.ജെ.പി നേതൃത്വത്തിനു കൈമാറിയതായാണ് സൂചനകൾ. മോഹൻലാലും സുരേഷ് ഗോപിയും കുമ്മനവും ഉൾപ്പെടെ ഏഴുപേരാണ് തിരുവനന്തപുരത്തെ സ്ഥാനാർത്ഥി പട്ടികയിലുള്ളത്.
ഇരുപതു ലോക്സഭാ മണ്ഡലങ്ങളുടേയും ചുമതല ആർ.എസ്.എസ് ഏറ്റെടുത്തതിനു പിന്നാലെയാണ് പത്തോളം മണ്ഡലങ്ങളിൽ സ്വതന്ത്രരെ പരീക്ഷിക്കാൻ നീക്കം നടക്കുന്നത്. ഇതിനായി മണ്ഡലങ്ങളുടെ മനസറിയാൻ് സ്വകാര്യ ഏജൻസികളുടെ നേതൃത്വത്തിൽ സർവേയും നടത്തിയിരുന്നു. ഈ സർവേയുടെ അടിസ്ഥാനത്തിലാണ് സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കിയതെന്നും വിവരമുണ്ട്. പത്തനംതിട്ടയിൽ പൊതു സ്വതന്ത്രനായി ശശികുമാര വർമ്മ ഉൾപ്പെട്ട പട്ടിക ബി.ജെ.പി നേതൃത്വത്തിനു കൈമാറിയതും ഈ സർവേയുടെ അടിസ്ഥാനത്തിലാണ്.
തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ മോഹൻലാലിന് വേണ്ടി ആർ.എസ്.എസിന്റെ ശ്രമം ഇപ്പോഴും തുടരുകയാണെന്നാണ് സൂചന. മോഹൻലാൽ വിസമ്മതം പ്രകടിപ്പിച്ചാൽ ആറുപേരുടെ സാദ്ധ്യതാ പട്ടികയും ഇതിനൊപ്പം ചേർത്തിട്ടുണ്ട്.