തിരുവനന്തപുരം : ജനകീയ ബഡ്ജറ്റൊരുക്കുന്നതിനായി നഗരസഭ ജനസമക്ഷത്തിലേക്കിറങ്ങുന്നു. ഇത്തവണത്തെ ബഡ്ജറ്റിൽ പരിഗണിക്കണ്ട കാര്യങ്ങൾ നഗരവാസികൾക്കും നിർദ്ദേശിക്കുന്നതിനാണ് അവസരമൊരുക്കുന്നത്. ഇ - മെയിലിലൂടെയും മൊബൈൽ ആപ്പിലൂടെയും അഭിപ്രായങ്ങളറിയിക്കാം. വീട്ടുമുറ്റത്തെ ആവശ്യങ്ങൾ മുതൽ നഗരത്തിന്റെ സമഗ്ര വികസനത്തിനുള്ള നിർദ്ദേശങ്ങൾ വരെ അറിയിക്കാൻ കഴിയും. ഇവയൊക്കെ ഉൾക്കൊള്ളുന്നതാകും നഗരസഭയുടെ അടുത്ത സാമ്പത്തിക വർഷത്തെ ബഡ്ജറ്റ്.
നഗരസഭയിലെ എല്ലാ സോണൽ ഓഫീസുകളിലും അഭിപ്രായപ്പെട്ടികൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ പങ്കാളിത്ത ബഡ്ജറ്റിനായി 100 വാർഡുകളിലുമെത്തും. മൂന്ന് വർഷത്തെ വികസന നേട്ടങ്ങൾക്കൊപ്പം ജനങ്ങളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പരിഗണിച്ചാണ് പങ്കാളിത്ത ബഡ്റ്റ് എന്ന വ്യത്യസ്ത രീതിയുമായി നഗരസഭ രംഗത്തുള്ളത്. 11നാണ് ബഡ്ജറ്റ്.
ചിറക് മുളയ്ക്കാൻ സ്മാർട്ട് സിറ്റി
ബംഗളൂരു ഉൾപ്പെടെയുള്ള രാജ്യത്തെ മെട്രോ നഗരങ്ങളുമായി മത്സരിച്ചാണ് തിരുവനന്തപുരം നഗരസഭ ഒന്നാം സ്ഥാനത്തോടെ സ്മാർട്ട്സിറ്റി പദ്ധതി സ്വന്തമാക്കിയത്. ഇതിലൂടെ മൂന്ന് വർഷം കൊണ്ട് 1538 കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പാക്കും. നഗരത്തിൽ രണ്ട് മൾട്ടി ലെവൽ കാർ പാർക്കിംഗ് സംവിധാനം, ശ്രീകണ്ഠേശ്വരം, ശ്രീചിത്തിരതിരുനാൾ, പൊന്നറ ശ്രീധർ പാർക്കുകൾ, ചാല മാർക്കറ്റ്, മാനവീയം വീഥി, തമ്പാനൂർ - കിഴക്കേകോട്ട സ്കൈവാക്ക് റോഡുകൾ എന്നിവയുടെ നവീകരണവും, സ്മാർട്ട് ബസ് ഷെൽട്ടറുകൾ, സുരക്ഷാ കാമറകൾ, ഇ - ആട്ടോറിക്ഷകൾ, കുടിവെള്ള കിയോസ്കുകൾ തുടങ്ങിയവ 2020ൽ പൂർത്തീകരിക്കും.
അമൃത് പദ്ധതി
അമൃത് പദ്ധതിയിലൂടെ നഗരത്തിൽ 358 കോടി രൂപയുടെ വിവിധ വികസനമാണ് നടപ്പാക്കുന്നത്. 25 കോടി രൂപയ്ക്ക് മൂന്ന് മൾട്ടി ലെവൽ കാർ പാർക്കിംഗ് സംവിധാനം, നഗരത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് അരുവിക്കരയിൽ 56 കോടി രൂപ ചെലവിൽ കുടിവെള്ള ശുചീകരണ പ്ലാന്റ്, കഴക്കൂട്ടം മേഖലയെ മുട്ടത്തറ സ്വിവറേജ് ട്രീറ്റ്മെന്റ് പ്ലാന്റുമായി ബന്ധിപ്പിക്കുന്ന സ്വിവറേജ് ശൃംഖല, മെഡിക്കൽ കോളേജ് ആശുപത്രിക്ക് പ്രത്യേക സ്വിവറേജ് ട്രീറ്റ്മെന്റ്, നഗരത്തിലെ കുടിവെള്ളം -സ്വിവറേജ് ലൈനുകളുടെ ശേഷി വർദ്ധിപ്പിക്കുന്ന പ്രവർത്തനങ്ങൾ, ഓടകളുടെ നിർമ്മാണം എന്നിവ രണ്ടുവർഷത്തിനകം പൂർത്തിയാകും.
നഗരത്തിന്റെ മാസ്റ്റർ പ്ലാൻ
ജനപങ്കാളിത്തത്തോടെ നഗരത്തിന്റെ മാസ്റ്റർപ്ലാൻ തയ്യാറാക്കുന്ന പ്രവർത്തനവും ദ്രുതഗതിയിലാണ്. അടുത്ത 20 വർഷത്തെ നഗരത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് നഗരസഭ ജി.ഐ.എസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ കൃത്യതയുള്ള മാസ്റ്റർപ്ലാനാണ് തയ്യാറാക്കുന്നത്. ജനാഭിലാഷം ശേഖരിക്കുന്നതിന് വാർഡ്തല യോഗങ്ങളും വികസന മേഖലയുടെ പ്രത്യേക യോഗങ്ങളും നടക്കുന്നുണ്ട്.
മാലിന്യസംസ്കരണം
ഉറവിടമാലിന്യ സംസ്കരണത്തിനായി ബയോകമ്പോസ്റ്റർ കിച്ചൺബിൻ വ്യാപകമാക്കി പരിപാലനത്തിന് കൃത്യമായ സംവിധാനം ഒരുക്കും. കമ്മ്യൂണിറ്റി കമ്പോസ്റ്റിംഗ് യൂണിറ്റുകളായ 40 എയ്റോബിക് ബിൻ കേന്ദ്രങ്ങൾ സൗന്ദര്യവത്കരിക്കുന്നുണ്ട്. കൂടുതൽ കേന്ദ്രങ്ങളിൽ എയ്റോബിക് ബിന്നുകൾ സ്ഥാപിക്കും.
ജലസ്രോതസുകളുടെ സംരക്ഷണത്തിനായി കിള്ളിയാർ സിറ്റി മിഷൻ മാതൃകയിൽ പാർവതീപുത്തനാർ ശുചീകരണത്തിന് പ്രത്യേക പദ്ധതിയൊരുക്കും.
ഭവന നിർമ്മാണം
വീടില്ലാത്ത മുഴുവൻ കുടുംബങ്ങൾക്കും വീട് എന്ന ലക്ഷ്യമാണ് നഗരസഭയ്ക്കു മുന്നിലുള്ളത്. വിവിധ പദ്ധതികളിലൂടെ 2250 കുടുംബങ്ങൾക്ക് സുരക്ഷിത ഭവനമൊരുക്കും. ബി.എസ്.യു.പി പദ്ധതി പ്രകാരം കല്ലടിമുഖത്ത് 318 വീടുകൾ ഉൾക്കൊള്ളുന്ന ഭവനസമുച്ചയവും കരിമഠത്ത് 320 വീടുകൾ ഉൾക്കൊള്ളുന്ന ഭവനസമുച്ചയവും പൂർത്തിയായി. ആർ.എ.വൈ പദ്ധതി പ്രകാരം മതിപ്പുറത്ത് 541 വീടുകൾ പൂർത്തിയായി. ലൈഫ്-പി.എം.എ.വൈ പദ്ധതി പ്രകാരം 9027 പേർക്ക് ഭവന നിർമാണത്തിന് നാല് ലക്ഷം രൂപ വീതം നൽകി. 1050 വീടുകൾ പൂർത്തിയാക്കി. ഭവനപദ്ധതികളുടെ തുടർപ്രവർത്തനങ്ങളുമായി നഗരസഭ മുന്നോട്ടുപോകും.