തിരുവനന്തപുരം: നഗരത്തിലെ വഴിയോരക്കച്ചവടക്കാർക്കായി പ്രത്യേക സ്ഥലം കണ്ടെത്താൻ നഗരസഭ ശ്രമം തുടങ്ങി.ആദ്യഘട്ടത്തിൽ
മ്യൂസിയം, പാളയം, തമ്പാനൂർ, ചാല, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ കച്ചവടക്കാർക്കായി പ്രത്യേക സ്ഥലം അനുവദിക്കാനാണ് ആലോചിക്കുന്നത്ഇതിന്റെ ഭാഗമായി വെള്ളയമ്പലം മുതൽ പാളയം വരെയുള്ള കച്ചവടക്കാരെ റവന്യൂ ഉദ്യോഗസ്ഥരും കോർപറേഷന്റെ ആരോഗ്യവിഭാഗവും ചേർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഒഴിപ്പിച്ചിരുന്നു. വഴിയോര കച്ചവടം ഗതാഗതക്കുരുക്കിന് കാരണമായതോടെയാണ് പ്രശ്നപരിഹാരത്തിന് നഗരസഭ പുതിയ വഴികൾ തേടിയത്. തങ്ങൾക്ക് കച്ചവടത്തിനായി പ്രത്യേക സ്ഥലം കണ്ടെത്തി തരണമെന്നുള്ള കച്ചവടക്കാരുടെ ആവശ്യത്തിന് ദീർഘനാളത്തെ പഴക്കമുണ്ട്.
കഴിഞ്ഞ വർഷം ഇതിനായി സർവേ നടത്തുകയും 1880 കച്ചവടക്കാരെ ആദ്യഘട്ടത്തിൽ പദ്ധതിയിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. രണ്ടാം ഘട്ടത്തിൽ 1726 അപേക്ഷകളാണ് കോർപറേഷന് ലഭിച്ചത്. സർവേയിൽ ലഭിച്ച അപേക്ഷകളിൽ 530 പേർക്ക് സൂക്ഷ്മപരിശോധനകളും പൊലീസിന്റെ അന്വേഷണവും പൂർത്തിയാക്കി ലൈസൻസും ഐഡന്റിറ്റി കാർഡും നൽകി. ആദ്യ പരിശോധനയിൽ പുറംതള്ളപ്പെട്ടവർക്ക് രണ്ടാമതൊരിക്കൽ കൂടി അവസരം നൽകിയിട്ടുണ്ട്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നൂറോളം അനധികൃത വഴിയോര കച്ചവടക്കാരുണ്ടെന്നാണ് നഗരസഭയുടെ കണക്ക്.
ഇവരെ ഒഴിപ്പിക്കുന്നത് നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാനും നഗരസഭ പദ്ധതിയിടുന്നു. എന്നാൽ ഒഴിപ്പിക്കലിന്റെ പേരിൽ ദീർഘനാളായി കച്ചവടം നടത്തുന്നവരെ ബുദ്ധിമുട്ടിക്കില്ലെന്ന് മേയറും കോർപറേഷൻ അധികൃതരും പറഞ്ഞു. എന്നാൽ, സമീപകാലത്ത് കച്ചവടം തുടങ്ങിയവരോട് യാതൊരു ദയയും കാണിക്കില്ല.
ജില്ലയിൽ പതിനായിരത്തിലധികം വഴിയോരക്കച്ചവടക്കാരുള്ളതായാണ് നിഗമനം. എന്നാൽ കൃത്യമായ സർവേ നടത്താത്തത് എണ്ണം കണക്കാക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. വഴിയോരക്കച്ചവടക്കാരുടെ പുനരധിവാസം നടപ്പാക്കുന്നതിനായി നഗരസഭ രണ്ട് വർഷം മുമ്പും സർവേ നടത്തിയിരുന്നു. അന്ന് സർവേയെ കുറിച്ച് വ്യാപക പരാതിയും ഉയർന്നു. വഴിയോര കച്ചവടക്കാരുടെ ക്ഷേമത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. എന്നാൽ, അവയുടെ പ്രവർത്തനവും കാര്യക്ഷമമല്ലെന്ന് ആക്ഷേപമുണ്ട്.
ലൈസൻസും തിരിച്ചറിയൽ കാർഡും വേണമെന്നത് കച്ചവടക്കാരുടെ ദീർഘകാലത്തെ ആവശ്യമായിരുന്നു. അതിപ്പോൾ നടപ്പാകുന്നത് ദീർഘനാളായി കച്ചവടം നടത്തുന്നവർക്ക് ആശ്വാസമായിട്ടുണ്ട്. 2014ൽ വഴിയോര കച്ചവടക്കാരുടെ പുനരധിവാസത്തിനായി 'സുവിധ' എന്ന പേരിൽ പദ്ധതി ആവിഷ്കരിച്ചിരുന്നു. ആദ്യഘട്ടത്തിൽ കച്ചവടക്കാർക്ക് വണ്ടികളും മറ്റും നൽകിയെങ്കിലും വൈകാതെ പദ്ധതി വിസ്മൃതിയിലാണ്ടു.
ജനത്തിരക്കേറിയ പ്രദേശങ്ങളിൽ നിന്ന് മാറ്റി കച്ചവടം സാദ്ധ്യമായ സ്ഥലങ്ങളിലേക്ക് മാറ്റുന്നതിനോട് കച്ചവടക്കാർക്കും അനുകൂല നിലപാടാണ്. എന്നാൽ, അത്തരത്തിൽ സ്ഥലങ്ങൾ കണ്ടെത്തുകയെന്നത് നഗരസഭയെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയാണ്. ഇനി സ്ഥലം കണ്ടെത്തിയാൽ തന്നെ എല്ലാവരെയും ഉൾക്കൊള്ളാൻ കഴിയുമോയെന്ന ആശങ്കയും നിലനിൽക്കുന്നു. നഗരസഭയ്ക്ക് എതിർവശത്ത് മ്യൂസിയം ഗേറ്റിനോട് ചേർന്നുള്ള കച്ചവടക്കാർക്ക് പരീക്ഷണാടിസ്ഥാനത്തിൽ ലൈസൻസ് നൽകിയിരുന്നു. വഴിയോര കച്ചവടക്കാരുടെ ക്ഷേമത്തിനായുള്ള സംസ്ഥാനതല സമിതിയുടെ അദ്ധ്യക്ഷൻ മന്ത്രി കെ.ടി. ജലീലാണ്. എന്നാൽ വഴിയോര കച്ചവടക്കാർക്കായി ചട്ടനിർമ്മാണം നടത്തുമെന്നും ക്ഷേമപദ്ധതികൾ പ്രഖ്യാപിക്കുമെന്നും മന്ത്രി നൽകിയ ഉറപ്പുകളും പാലിക്കപ്പെട്ടിട്ടില്ല.