തിരുവനന്തപുരം: ആനയറയിലും പരിസരത്തും കുടിവെള്ളം കിട്ടാതെ നാട്ടുകാർ നെട്ടോട്ടത്തിൽ. ആനയറ കൂടാതെ കല്ലുംമൂട്, പമ്പ്ഹൗസ് എന്നിവിടങ്ങളിലാണ് കഴിഞ്ഞ രണ്ട് ദിവസമായി വെള്ളം കിട്ടാതെ ജനങ്ങൾ വലയുന്നത്. പകൽ സമയങ്ങളിൽ ഇവിടങ്ങളിൽ വെള്ളം കിട്ടാതായിട്ട് നാളുകളായി. രാത്രിയിൽ ലഭിക്കുന്ന വെള്ളമായിരുന്നു ആശ്രയം. പാത്രങ്ങളിൽ വെള്ളം ശേഖരിച്ചാണ് ജനങ്ങൾ പ്രതിസന്ധി പരിഹരിച്ചത്. എന്നാൽ കഴിഞ്ഞ രണ്ടുദിവസമായി രാത്രിയിലും വെള്ളം മുടങ്ങിയതോടെ നാട്ടുകാർ വലഞ്ഞു.
' അരുവിക്കരയിലെ പമ്പ് ഹൗസിലുണ്ടായ വൈദ്യുതി തകരാറിനെ തുടർന്ന് പമ്പിംഗ് മുടങ്ങിയതാണ് പ്രശ്നങ്ങൾക്ക് കാരണം. ഒന്നര മണിക്കൂറോളം സമയമെടുത്താണ് തകരാർ പരിഹരിച്ചത്. അര മണിക്കൂർ പമ്പിംഗ് തടസപ്പെട്ടാൽ പൈപ്പ് ലൈനുകളിൽ വായു നിറയും. തകരാർ പരിഹരിച്ചാലും ലൈനുകളിലെ വായു പുറത്തുപോയി വെള്ളത്തിന്റെ സ്വാഭാവികമായ ഒഴുക്ക് ഉണ്ടാകാൻ ഒന്നോ രണ്ടോ ദിവസം എടുത്തേക്കും. ഇന്ന് രാത്രിയോടെ ഈ മേഖലകളിൽ വെള്ളമെത്തും. വെട്ടുകാട്, വേളി പ്രദേശങ്ങളിൽ കുടിവെള്ളം പുനഃസ്ഥാപിച്ചിട്ടുണ്ട്. ലൈനുകൾ എൻജിനിയർമാർ പരിശോധിച്ച് തടസങ്ങളൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. ഇന്ന് രാവിലെയോടെ ചെറിയ തോതിൽ വെള്ളം ലഭിച്ച് തുടങ്ങും. രാത്രിയോടെ പൂർണതോതിൽ വെള്ളം ലഭിക്കും.'
- അസിസ്റ്റന്റ് എക്സിക്യൂട്ടിവ്
എൻജിനിയർ, പാറ്റൂർ