തിരുവനന്തപുരം: തലസ്ഥാനവാസികൾക്ക് സിറ്റി പൊലീസ് കമ്മിഷണറെ 24 മണിക്കൂറും നേരിൽ ബന്ധപ്പെടാൻ 'കണക്ട് ടു കമ്മിഷണർ' സംവിധാനം നിലവിൽ വന്നു. പരാതികളും നിർദ്ദേശങ്ങളും വിവരങ്ങളും 9497975000 എന്ന നമ്പരിൽ അറിയിക്കാം. ഈ നമ്പരിൽ വാട്സ്ആപ്പുമുണ്ട്. ഫേസ്ബുക്കിലൂടെയും കമ്മിഷണറെ നേരിട്ട് ബന്ധപ്പെടാം. വിവരങ്ങൾ അറിയിച്ചാൽ ഉടനേ നടപടി ഉണ്ടാകുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ എസ്. സുരേന്ദ്രൻ പറഞ്ഞു.
നഗരത്തിലെ ഗുണ്ടകൾ, സാമൂഹ്യ വിരുദ്ധർ, റൗഡികൾ എന്നിവരെക്കുറിച്ചുള്ള വിവരങ്ങൾ 'കണക്ട് ടു കമ്മിഷണർ' വഴി നൽകാം. നിയമവിരുദ്ധ പ്രവർത്തനം ശ്രദ്ധയിൽപ്പെട്ടാലും അറിയിക്കാം. വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. നഗരത്തിൽ പൊലീസുമായി ബന്ധമുള്ള വിവരങ്ങളും അറിയിക്കാം. മയക്കുമരുന്നിന്റെയും ലഹരി വസ്തുക്കളുടെയും കടത്തും വില്പനയെക്കുറിച്ചും വിവരമറിയിക്കാം. കുറ്റകൃത്യങ്ങളെയോ ഒളിവിൽ കഴിയുന്ന പ്രതികളെയോ കുറിച്ചുള്ള വിവരമറിയിച്ചാൽ ഉടനടി നടപടിയുണ്ടാവും. മണ്ണ്, മണൽ കടത്ത് സംഘങ്ങളെക്കുറിച്ചും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങളെക്കുറിച്ചും പൂവാലശല്യത്തെക്കുറിച്ചും അറിയിക്കാം.
ആട്ടോ-ടാക്സി സംബന്ധിച്ച പരാതികളും 'കണക്ട് ടു കമ്മിഷണറിൽ' അറിയിക്കാം. ആട്ടോ, ടാക്സി എന്നിവ ഓട്ടം പോകാതിരിക്കുക, അമിതകൂലി ഈടാക്കുക, ഹ്രസ്വ ദൂരത്തേക്ക് ഓട്ടം വിളിച്ചാൽ പോകാൻ വിസമ്മതിക്കുക, യാത്രക്കാരോട് അപമര്യാദയായി പെരുമാറുക തുടങ്ങിയ പരാതികളും, പാർക്കിംഗുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും അറിയിക്കാം. ട്രാഫിക്, ക്രമസമാധാനം തുടങ്ങിയവയെക്കുറിച്ചുള്ള നിർദ്ദേശങ്ങളും ഈ നമ്പരിൽ അറിയിക്കാം.