തിരുവനന്തപുരം: ഒരു വ്യക്തിയും സമൂഹവും ശരീരത്തെ എങ്ങനെയാണ് നോക്കിക്കാണുന്നത് എന്നുള്ള ചിന്തകളും അനുഭവവുമാണ് ശംഖുംമുഖം ആർട്ട് മ്യൂസിയത്തിൽ നടക്കുന്ന ബോഡി എന്ന കലാപ്രദർശനം കണ്ടിറങ്ങുന്ന ഓരോ സന്ദർശകനും ലഭിക്കുക. മനുഷ്യ ശരീരത്തിന്റെ വിവിധ ഭാവങ്ങളെയാണ് 55 ചിത്രകാരന്മാർ തങ്ങളുടെ കലാസൃഷ്ടികളായി ആർട്ട് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുള്ളത്. പ്രദർശനത്തിൽ ഏവരെയും ആകർഷിക്കുന്നതാണ് രവീന്ദർ റെഡ്ഡിയുടെ കരവിരുതിൽ വിരിഞ്ഞ നഗ്നയായ സ്ത്രീയുടെ മനോഹര ശില്പം. ആദ്യം ലൈംഗികാകർഷണം എന്ന് തോന്നിപ്പിക്കുമെങ്കിലും കുറച്ച് കൂടെ സമയം ശില്പത്തിലേക്ക് നോക്കിയിരുന്നാൽ ആ നഗ്ന ശില്പത്തിന്റെ ചാരുത എത്രത്തോളമാണെന്ന് മനസിലാക്കാൻ കഴിയും. കൂടുതൽ സമയം നോക്കിയിരിക്കുകയാണെങ്കിൽ ശില്പം അതിന്റെ അർത്ഥ തലങ്ങളിലേക്കും സന്ദർശകനെ കൂട്ടികൊണ്ട് പോകും.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അബ്ദുൽ കലാം ആസാദ്, രവീന്ദർ റെഡ്ഡി, ചിത്ര .ഇ.ജി, മഹാനന്ദ ഗോമസ്ത, സുധീർ പരിവർത്തന, ബി.ഡി. ദത്തൻ, ശില്പ നിഗം, പ്രദീപ് പുത്തൂർ, ടി.കെ. ഹരീന്ദ്രൻ, മേഘ ജോഷി, മഞ്ജുനാഥ് നായിക്, ഷാജി അപ്പുക്കുട്ടൻ, സുകേഷ് .കെ തുടങ്ങിയ 55 കലാകാരന്മാരുടെ സൃഷ്ടികളാണ് പ്രദർശനത്തിൽ ഒരുക്കിയിട്ടുള്ളത്. ചിത്രങ്ങളും ശില്പങ്ങളും ഇൻസ്റ്റലേഷനുകളും അടക്കം 62 കലാസൃഷ്ടികൾ. ഓരോ കലാസൃഷ്ടിയും ആ കലാകാരൻ എങ്ങനെ ശരീരത്തെ വ്യാഖ്യാനിക്കുന്നുവെന്ന് മനസിലാക്കിത്തരുന്നവയാണ്. ശരീരവുമായി ബന്ധപ്പെട്ട് സമൂഹത്തിലുണ്ടാകുന്ന വിവിധ കാഴ്ചപ്പാടുകളും ഒരു ശരീരം കടന്നു പോകുന്ന വിവിധ ഘട്ടങ്ങളും കലാ പ്രദർശനത്തിലുണ്ട്. ശരീരവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന വേദനകളും സന്തോഷങ്ങളും ശരീരം കടന്ന് പോകുന്ന വിവിധ അവസ്ഥകളും അങ്ങനെ മനോഹരമായ കലാസൃഷ്ടികളായി രൂപം കൊണ്ടിരിക്കുന്നു.
ചിത്രകാരൻ അശാന്തന്റെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷമുണ്ടായ വിവാദങ്ങളാണ് ക്യുറേറ്റർ എം.എൽ. ജോണിക്ക് ഇങ്ങനെയൊരു പ്രദർശനം സംഘടിപ്പിക്കുന്നതിന് പ്രചോദനമായത്. എല്ലാ ദിവസവും നമ്മോടൊപ്പമുണ്ടായിരുന്ന ഒരു വ്യക്തി മരിച്ച് കഴിയുമ്പോൾ എങ്ങനെയാണ് അയാൾ വെറുമൊരു ബോഡി മാത്രമാവുന്നതെന്നും ശരീരത്തിന്റെ പേരിൽ പോലും നടക്കുന്ന രാഷ്ട്രീയ കാഴ്ചപ്പാടുകളെ എങ്ങനെയാണ് അംഗീകരിക്കാൻ കഴിയുകയെന്നും ജോണി ചോദിക്കുന്നു. അശാന്തന്റെ മരണസമയത്ത് അടുത്തുണ്ടായിരുന്ന വ്യക്തി എന്ന നിലയിലും മരണശേഷമുണ്ടായ വിവാദങ്ങൾക്കെതിരെ പ്രതികരിച്ച വ്യക്തി എന്ന നിലയിലുമാണ് പ്രദർശനത്തിന് ബോഡി എന്ന പേരിടാൻ കാരണമെന്നും ജോണി പറയുന്നു.
ശരീരവുമായി ബന്ധപ്പെട്ട് ഓരോ വ്യക്തിയും അനുഭവിക്കുന്ന വേദന, സുഖം അങ്ങനെ എല്ലാവിധ സംഭവങ്ങളും സമന്വയിപ്പിച്ച് കൊണ്ട് ഓരോ കലാകാരന്മാരും ശരീരത്തിന് വിവിധ അർത്ഥങ്ങളാണ് തങ്ങളുടെ സൃഷ്ടികളിൽ ആവിഷ്കരിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ പ്രദർശനം കണ്ടിറങ്ങുന്ന ഓരോ വ്യക്തിക്കും തന്റെ ജീവിതവുമായി ബന്ധപ്പെട്ട വ്യത്യസ്ത അനുഭവ തലങ്ങളും പ്രദർശനം സമ്മാനിക്കുന്നു. മനുഷ്യ ശരീരത്തെ സൂക്ഷ്മമായി പരിശോധിച്ചാൽ സമൂഹത്തിൽ നടക്കുന്ന എല്ലാവിധ സംഭവങ്ങളുടെയും പ്രതിഫലനം നമുക്ക് കാണാൻ കഴിയുമെന്നും അതുകൊണ്ട് കൂടിയാണ് ബോഡി എന്ന പേരിൽ പ്രദർശനം ക്യുറേറ്റ് ചെയ്യുന്നതെന്നും ജോണി പറയുന്നു.
നഗരസഭയുടെ പ്ലാൻ ഫണ്ടിൽ നിന്ന് തുക വിനിയോഗിച്ചാണ് ആർട്ട് മ്യൂസിയത്തിൽ രണ്ട് മാസം നീണ്ട് നിൽക്കുന്ന പ്രദർശനം സംഘടിപ്പിച്ചിട്ടുള്ളത്. പ്രദർശനത്തിന്റെ ഭാഗമായി 22 മുതൽ 27 വരെ നീണ്ട് നിൽക്കുന്ന ശംഖുംമുഖം ബീച്ച് കാർണിവലും നഗരസഭ സംഘടിപ്പിക്കുന്നുണ്ട്. കടൽതീരത്തെ പരമാവധി പ്രയോജനപ്പെടുത്തി നടത്തുന്ന കാർണിവൽ 22ന് മന്ത്രി എ.കെ. ബാലൻ ഉദ്ഘാടനം ചെയ്യും. കലാ പ്രദർശനത്തിന്റെ ഭാഗമായി മാർച്ച് ആദ്യവാരം വിവിധ വിഷയങ്ങളിൽ അഞ്ച് സെഷനുകളായി സെമിനാറുകൾ, ചർച്ച എന്നിവ നടക്കും. മാർച്ച് 24ന് കലാകാരന്മാരുമായിട്ടുള്ള കൂടിക്കാഴ്ചയും സമാപന ദിനമായ 31ന് കലയിൽ ശരീരം എങ്ങനെ ദൃശ്യവത്കരിക്കപ്പെടുന്നു എന്ന വിഷയത്തിൽ ക്യുറേറ്റർ എം.എൽ. ജോണിയുടെ പ്രഭാഷണവും നടക്കും. രാവിലെ 9.30 മുതൽ രാത്രി 8 വരെയാണ് പ്രവേശനം.