തിരുവനന്തപുരം: നഗരത്തിലെ സാധാരണക്കാരുടെ ആശ്രയമായ ഫോർട്ട് ഗവ. ആശുപത്രിയിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ പ്രവർത്തനം അവതാളത്തിലാകുന്നു. നഴ്സിംഗ് സൂപ്രണ്ടിനെക്കൊണ്ട് ടോയ്ലെറ്റ് വൃത്തിയാക്കേണ്ടി വന്നതിന്റെ പേരിൽ ജീവനക്കാരുടെ പ്രതിഷേധം കൊടുമ്പിരിക്കൊണ്ടിട്ടും അറ്റൻഡർ ഗ്രേഡ് 2, നഴ്സിംഗ് അസിസ്റ്റന്റ് തസ്തികകളിൽ നിയമനത്തിന് നടപടിയായില്ല. അറ്റൻഡർ തസ്തികകളിൽ ആളില്ലാത്തതിനാൽ ആശുപത്രിയുടെ ശുചീകരണം കൃത്യമായി നടക്കാറില്ല. 9 സെക്കൻഡ് ഗ്രേഡ് ജീവനക്കാരുടെ തസ്തികയിൽ അഞ്ചും ഒഴിഞ്ഞുകിടക്കുകയാണ്. ശേഷിക്കുന്ന നാല് ജീവനക്കാർ നൈറ്റ് ഡ്യൂട്ടിയും നൈറ്റ് ഓഫിലും പ്രവേശിക്കുമ്പോൾ ആകെ രണ്ടുപേരാണ് ഡ്യൂട്ടിയിലുണ്ടാവുക. കൂടുതൽ പേരെ താത്കാലികമായി നിയമിക്കാൻ ശ്രമം നടത്തിയെങ്കിലും അതും വിജയിച്ചില്ല. ജീവനക്കാരില്ലാത്തതിനാൽ ശുചീകരണം അവതാളത്തിലായ ഇവിടെ കഴിഞ്ഞമാസം മിന്നൽ പരിശോധനയ്ക്കിടെ ആരോഗ്യവകുപ്പ് ഡയറക്ടർ നഴ്സിംഗ് സൂപ്രണ്ടിനെ ടോയ്ലെറ്റ് വൃത്തിയാക്കാൻ നിയോഗിച്ചതാണ് വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടയാക്കിയത്.
നഴ്സുമാരും കുറവ്
രോഗികളുടെ എണ്ണവും പുതിയ ജനകീയ ആരോഗ്യ പദ്ധതികളും കൂടുന്നതിനനുസരിച്ച് സ്റ്റാഫ് നഴ്സുമാരുടെ എണ്ണം വർദ്ധിക്കാത്തതും പ്രശ്നമാണ്. വർഷങ്ങൾക്ക് മുമ്പുള്ള സ്റ്റാഫ് പാറ്റേണനുസരിച്ച് 20 സ്റ്റാഫ് നഴ്സുമാരാണ് ഇവിടെയുള്ളത്. ഇതിൽ രണ്ടെണ്ണം ഒഴിഞ്ഞുകിടക്കുകയാണ്. ശേഷിക്കുന്നത് പതിനെട്ടുപേർ. മറ്ര് ഡ്യൂട്ടി, പരിശീലനം തുടങ്ങിയ കാര്യങ്ങൾക്ക് നഴ്സുമാരെ നിയോഗിക്കുന്നതോടെ ബാക്കിയുള്ളവർക്ക് പിടിപ്പത് പണിയാണ്. രാത്രികാലങ്ങളിൽ അത്യാഹിത വിഭാഗത്തിലും പേവാർഡിലുമായി ഒരാളാണ് ഡ്യൂട്ടിനോക്കേണ്ടിവരുന്നത്.
ആശുപത്രിയുടെ വൃത്തിക്കുറവും രോഗികളും ജീവനക്കാരും നേരിടുന്ന ബുദ്ധിമുട്ടും ഡയറക്ടർ നേരിൽ കാണുകയും, മന്ത്രിയുൾപ്പെടെയുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തെങ്കിലും പ്രശ്നപരിഹാരത്തിന് നടപടിയുണ്ടായില്ല.
ഒ.പിയിൽ പ്രതിദിനം
ശരാശരി 1000 രോഗികൾ
ഐ.പി വാർഡുകൾ - 43
പേ വാർഡുകൾ - 10