മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രമായ മാമാങ്കത്തിലെ നായികനിരയിൽ കനിഹയും അനുസിതാരയും. ബോളിവുഡ് താരം പ്രാചി ടെഹ്ലാനാണ് മാമാങ്കത്തിലെ മറ്റൊരു നായിക.കണ്ണൂർ ഷെഡ്യൂൾ പൂർത്തിയാക്കി ഒറ്റപ്പാലത്തെത്തിയ മാമാങ്കത്തിന്റെ ചിത്രീകരണം ഫെബ്രുവരി 20 വരെ അവിടെ തുടരും. ഇരുപതിന് എറണാകുളത്തേക്ക് ഷിഫ്ട് ചെയ്യും. മമ്മൂട്ടി ഇല്ലാത്ത രംഗങ്ങളാണ് ഇപ്പോൾ ചിത്രീകരിക്കുന്നത്. ഒറ്റപ്പാലത്ത് ഉണ്ണിമുകുന്ദൻ പങ്കെടുക്കുന്ന രംഗങ്ങളാണ് ചിത്രീകരിക്കുന്നത്.
കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമ്മിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ മാമാങ്കം സംവിധാനം ചെയ്യുന്നത് എം. പത്മകുമാറാണ്. നേരത്തെ സജീവ് പിള്ളയാണ് ഈ ചിത്രം സംവിധാനം ചെയ്യാനിരുന്നത്. ഇടയ്ക്ക് വച്ച് നിർമ്മാതാവുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് സജീവ് പിള്ളയെ സംവിധാനചുമതലയിൽ നിന്ന് നീക്കിയിരുന്നു. ഇപ്പോൾ എറണാകുളത്ത് വൈശാഖ് - ഉദയകൃഷ്ണ ടീമൊരുക്കുന്ന മധുരരാജയിലഭിനയിച്ച് വരികയാണ് മമ്മൂട്ടി.
രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധർവൻ, ഹനീഫ് അദേനിയുടെ രചനയിൽ വിനോദ് വിജയൻ സംവിധാനം ചെയ്യുന്ന അമീർ, ശ്യാമപ്രസാദിന്റെ ആളോഹരി ആനന്ദം, കെ. മധു - എസ്.എൻ. സ്വാമി ടീമിന്റെ സി.ബി.െഎ അഞ്ചാംഭാഗം, സജീവ് പാഴൂർ രചന നിർവഹിക്കുന്ന ജോഷി ചിത്രം നാദിർഷായുടെ െഎ ആം എ ഡിസ്കോ ഡാൻസർ, മിഥുൻ മാനുവൽ തോമസിന്റെ കോട്ടയം കുഞ്ഞച്ചൻ 2, അമൽ നീരദിന്റെ ബിലാൽ എന്നിവയാണ് മമ്മൂട്ടിയെ കാത്തിരിക്കുന്ന മറ്റ് പ്രോജക്ടുകൾ.