കൊളംബിയൻ അക്കാഡമിയിൽ താൻ അഭിനയിക്കുന്നില്ലെന്ന് അജു വർഗീസ് .ഈ ചിത്രത്തിൽ അജു നായകനാകുന്നുവെന്ന് ചില ഒാൺലൈൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
''കൊളംബിയൻ അക്കാഡമിയുമായി ഞാൻ സഹകരിക്കുന്നത് ഗായകനായിട്ടാണ്.സംഗീത സംവിധായകൻ ഷാൻ റഹ്മാനൊപ്പം ഒരു ഗാനം ആലപിക്കുന്നുണ്ട് "" അജു വർഗീസ് സിറ്റി കൗമുദിയോട് പറഞ്ഞു. ലഹരി ഈ ലഹരി... എന്ന ഗാനം ലുങ്കിയും തോർത്തും കൂളിംഗ് ഗ്ളാസും അണിഞ്ഞ് റെക്കാഡിംഗ് സ്റ്റുഡിയോയിൽ അജു ആലപിക്കുന്നതിന്റെ മേക്കിംഗ് വീഡിയോ വൈറലാണ്.
നവാഗതനായ അഖിൽ രാജ് അടിമാലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സലിംകുമാർ, അഞ്ജലി നായർ, ധർമ്മജൻ ബോൾഗാട്ടി, ബൈജു സന്തോഷ് എന്നിവരാണ് കൊളംബിയൻ അക്കാഡമിയിലെ പ്രധാന താരങ്ങൾ. ഒരു വമ്പൻ തള്ളുകഥ എന്നാണ് ടാഗ് ലൈൻ.
കോടതി സമക്ഷം ബാലൻ വക്കീൽ, ജൂൺ എന്നിവയാണ് അജുവിന്റെ പുതിയ റിലീസുകൾ. ലവ് ആക് ഷൻ ഡ്രാമ എന്ന സിനിമയിലൂടെ നിർമ്മാതാവിന്റെ കുപ്പായം കൂടി അജു അണിയുകയാണ്. കൊച്ചിയിൽ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയിൽ നിവിൻ പോളിയും നയൻ താരയുമാണ് നായകനും നായികയും.