കാമ്പ്നൂ: കോപ്പ ഡെൽ റേ ഒന്നാം പാദ സെമിയിൽ ഫുട്ബാൾ ലോകം ആകാംഷയോടെ കാത്തിരുന്ന എൽ ക്ലാസിക്കോ പോരാട്ടത്തിൽ ബാഴ്സലോണയും റയൽ മാഡ്രിഡും ഓരോ ഗോൾ വീതം നേടി. സമനിലയിൽ പിരിഞ്ഞു. ബാഴ്സയുടെ തട്ടകമായ കാമ്പ് നൂവിൽ നടന്ന മത്സരത്തിൽ ലൂക്കാസ് വാസ്കസിലൂടെ ആറാം മിനിട്ടിൽ തന്നെ ലീഡ് നേടിയ റയലിനെ രണ്ടാം പകുതിയിൽ 57-ാം മിനിട്ടിൽ മാൽകോൺ നേടിയ ഗോളിലാണ് ബാഴ്സ സമനിലയിൽ പിടിച്ചത്. എവേ മത്സരത്തിൽ ഒരു ഗോൾ നേടാനായത് റയലിന് മുൻതൂക്കം നൽകുന്നുണ്ട്.
വലൻസിയക്കെടതിരായ ലാലിഗ മത്സരത്തിൽ പരിക്കേറ്ര ലയണൽ മെസിയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താതെയാണ് ബാഴ്സ കോച്ച് വാൽവേർഡേ ടീമിനെയിറക്കിയത്. സുവാരസിനൊപ്പം കൗട്ടീഞ്ഞോയും മാൽകമുമായിരുന്നു മുന്നേറ്ര നിരയിൽ അണിനിരന്നത്. ബെൻസേമയ്ക്കൊപ്പം വിനീഷ്യസ് ജൂനിയറിനെയും വാസ്കസിനെയുമാണ് റയൽ കോച്ച് സോളാരി പരീക്ഷിച്ചത്. കെയ്ലർ നവാസായിരുന്നു ക്രോസ് ബാറിന് കീഴിൽ.
ടാർജറ്റിലേക്ക് തൊടുത്ത ഷോട്ടുകളുടെ എണ്ണത്തിലും ബാൾ പൊസഷനിലും പാസിംഗിലും നേരിയ മുൻതൂക്കം ബാഴ്സയ്ക്കായിരുന്നു.
കളി തുടങ്ങി ആറാം മിനിട്ടിൽ തന്നെ ബാഴ്സയെ ഞെട്ടിച്ച് റയൽ ലീഡ് നേടി. ബെൻസേമയുടെ പാസിൽ നിന്ന് തകർപ്പൻ ക്ലോസ് റേഞ്ച് ഫിനിഷിലൂടെ വാസ്കസ് ബാഴ്സയുടെ ഷോട്ട് സ്റ്രോപ്പർ ടെർസ്റ്രേഗനെ കീഴടക്കി പന്ത് വലയിലാക്കുകയായിരുന്നു. വിനീഷ്യസ് നൽകിയ ക്രോസാണ് ബെൻസേമ മനോഹരമായി നിയന്ത്രിച്ച് വാസ്കസിന് ഗോളടിക്കാൻ പാകത്തിൽ നൽകിയത്. തുടർന്ന് തിരിച്ചടിക്കാനായി ബാഴ്സ ഉണർന്നു കളിച്ചെങ്കിലും ഒന്നാം പകുതിയിൽ ഗോളൊന്നും പിറന്നില്ല. 32-ാം മിനിറ്റിൽ റാക്കിറ്രിച്ചിന്റെ ഹെഡ്ഡറിലൂടെയുള്ള ഗോൾ ശ്രമം ക്രോസ് ബാറിൽ തട്ടിത്തെറിച്ചു. 35-ാം മിനിറ്റിൽ സുവാരസിന്റെ ഇടങ്കാലൻ ഷോട്ട് നവാസ് വലത്തേക്ക് പറന്ന് മനോഹരമായി രക്ഷപ്പെടുത്തി. റയലിന്റെ നായകൻ സെർജിയോ റാമോസിനും ബാഴ്സയുടെ പ്രതിരോധ ഭടൻ നെൽസൺ സെമാഡോയ്ക്കും മഞ്ഞക്കാർഡ് കിട്ടി. രണ്ടാം പകുതിയിൽ ബാഴ്സയുടെ സുവാരസിനും റയലിന്റെ മാഴ്സലോയ്ക്കും മഞ്ഞക്കാർഡ് കിട്ടിയതിന് പിന്നാലെ ആതിഥേയർ മാൽക്കമിലൂടെ സമനില നേടി. റയൽ പ്രതിരോധനിരയുടെയും ഗോളി നവാസിന്റെ പിഴവിൽ നിന്നായിരുന്നു ബാഴസയുടെ സമനില ഗോൾ മാൽക്കം കണ്ടെത്തിയത്.
പിന്നീട് കൗട്ടീഞ്ഞോയെ മാറ്രി മെസിയെ കളത്തിലിറക്കി ബാഴ്സയും വിനീഷ്യസിനെ പിൻവലിച്ച് ബെയ്ലിനെയിറക്കി റയലും ഗോളിനായി കിണഞ്ഞു ശ്രമിച്ചെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല.28ന് റയലിന്റെ തട്ടകമായ സാന്റിയാഗോ ബർണബ്യൂവിലാണ് രണ്ടാം പാദം നടക്കുന്നത്.