football-

ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ എവർട്ടണെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കി നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്രർ സിറ്രി പോയിന്റ് ടേബിളിൽ ലിവർപൂളിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി. രണ്ട് മാസത്തിനിടെ ആദ്യാമായണ് സിറ്റി ഒന്നാം സ്ഥാനത്തെത്തുന്നത്. സിറ്റിയുടെ വിജയം ലിവറിന് തിരിച്ചടിയായി. രണ്ട് ടീമിനും 62 പോയിന്റ് വീതമാണുള്ളതെങ്കിലും ഗോൾ ശരാശരിയിൽ മുന്നിലുള്ള സിറ്റിയാണ് ഒന്നാം സ്ഥാനത്ത്.

അതേസമയം സിറ്റിയെക്കാൾ ഒരു കളി കുറച്ചെ കളിച്ചിട്ടുള്ളൂ എന്ന ആശ്വാസം ലിവർപൂളിനുണ്ട്.

എവർട്ടണിന്റെ തട്ടകമായ ഗുഡിസൺ പാർക്കിൽ നടന്ന മത്സരത്തിൽ ഒന്നാം പകുതിയുടെ അധികസമയത്ത് അ‌യ്‌മറിക്ക് ലാപോർട്ടെയും രണ്ടാം പകുതിയുടെ അധികസമയത്ത് ഗബ്രിയേൽ ജീസസുമാണ് സിറ്റിക്കായി സ്കോർ ചെയ്തത്. ഷോട്ടുകളിലും പാസിംഗിലും ബാൾപൊസഷനിലുമെല്ലാം എവർട്ടണെക്കാൾ ഏറെ മുൻതൂക്കം മത്സരത്തിൽ സിറ്രിക്കുണ്ടായിരുന്നു. ഒന്നാം പകുതിയുടെ അധികസമയത്ത് ഡേവിഡ് സിൽവയുടെ ഫ്രീകിക്കിൽ നിന്ന് കിടിലൻ ഹെഡ്ഡറിലൂടെയാണ് ലാപോർട്ട സിറ്റിയുടെ അക്കൗണ്ട് തുറന്നത്.

ഈ സീസണിൽ ഇത് പതിനഞ്ചാം തവണയാണ് ടാർജറ്റിലേക്കുള്ള ആദ്യ ഷോട്ടിൽ തന്നെ സിറ്റി ഗോൾ നേടുന്നത്. മത്സരത്തിൽ ടാർജറ്രിലേക്കെത്തിയ സിറ്രിയുടെ ആദ്യ ഗോൾ ശ്രമായിരുന്നു ഇത്. സെറ്ര് പീസിൽ നിന്ന് എവർട്ടൺ വഴങ്ങുന്ന സീസണിലെ 19-ാമത്തെ ഗോളായിരുന്നു ഇത്. പ്രിമിയർ ലീഗിൽ മറ്രൊരു ടീമും സെറ്റ് പീസിൽ നിന്ന് ഇത്രയും ഗോൾ വഴങ്ങിയിട്ടില്ല. തുടർന്ന് മത്സരമവസാനിക്കാൻ സെക്കന്റുകൾ ശേഷിക്കെ ജീസസ് സിറ്രിക്കായി രണ്ടാം ഗോൾ നേടി. ഡിബ്രൂയിനെയുടെ പാസിൽ നിന്ന് ഗോൾ നേടാനുള്ള ജീസസിന്റെ ശ്രമം എവർട്ടൺ ഗോളി ജോർദാൻ പിക്ഫോർഡ് തട്ടിയകറ്റിയെങ്കിലും ലൂസ് ബോൾ പിടിച്ചെടുത്ത് ജീസസ് തന്നെ ലക്ഷ്യം കാണുകയായിരുന്നു.