ചെന്നൈ: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വെട്ടി നുറുക്കി പലയിടങ്ങളിൽ ഉപേക്ഷിച്ച തമിഴ് സിനിമാ സംവിധായകനായ ഭർത്താവിനെ പൊലീസ് അറസ്റ്റ‌് ചെയ്തു. തമിഴ് സിനിമകളിൽ സഹസംവിധായകനായി ജോലി ചെയ്യുന്ന ഗോപാലകൃഷ്ണ(59)നെ വീട്ടിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.
രണ്ടാഴ്ചക്ക് മുൻപ് പെരുങ്ങുടിയിലെ മാലിന്യ കൂമ്പാരത്തിൽ നിന്ന് മുറിച്ച് മാറ്റപ്പെട്ട നിലയിൽ ഒരു സ്ത്രീയുടെ കൈയ്യും രണ്ട് കാലുകളും ലഭിച്ചിരുന്നു. മാലിന്യം എടുക്കാനെത്തിയ കോർപ്പറേഷൻ തൊഴിലാളികൾക്കാണ് ശരീരഭാഗങ്ങൾ ലഭിച്ചത്. തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. കൈകളിൽ പച്ചകുത്തിയിരുന്നു എന്നല്ലാതെ മറ്റൊരു തെളിവുകളും പൊലീസിന് ലഭിച്ചിരുന്നില്ല. എന്നാൽ തൂത്തുക്കുടി സ്റ്റേഷനിൽ നിന്ന് ഒരു സ്ത്രീയെ കാണാനില്ലെന്ന പരാതി ലഭിച്ചിരുന്നു. തുടർന്ന് അന്വേഷണം ആ വഴിക്ക് കേന്ദ്രീകരിച്ചപ്പോൾ മരിച്ചത് സന്ധ്യ (39) ആണെന്ന് പൊലീസ് കണ്ടത്തുകയായിരുന്നു. അന്വേഷണ വിധേയമായി ഭർത്താവ് ഗോപാലകൃഷ്ണനെ പൊലീസ് ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റ സമ്മതം നടത്തുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.
ഗോപാല കൃഷ്ണൻ 2010ൽ ഒരു സിനിമയുടെ നിർമാതാവായി പ്രവർത്തിച്ചിരുന്നു. സിനിമ കാര്യമായ ലാഭം നേടിയില്ലെന്ന് മാത്രമല്ല നിർമാതാവ് കടക്കെണിയിലാവുകയും ചെയ്തിരുന്നു. തുടർന്ന് ഗോപാലകൃഷ്ണൻ സുഹൃത്തുക്കൾക്കൊപ്പം സിനിമകളിൽ സഹസംവിധായകനായി ജോലി ചെയ്യാൻ നിർബന്ധിതനാവുകയും ചെയ്തു. ഭാര്യയുമായി നിരന്തരമായി പ്രശ്നങ്ങങ്ങ8 ഉണ്ടായതിനെ തുടർന്ന് ഇവർ വിവാഹബന്ധം വേർപിരിയുകയും ചെയ്തു. തുടർന്ന് സന്ധ്യ മറ്റൊരു സ്ഥലത്തേക്ക് താമസം മാറുകയായിരുന്നു.
25,000 രൂപയിൽ താഴെയുള്ള മികച്ച ഫീച്ചറുകളുള്ള അഞ്ച് ലാപ്ടോപ്പുകൾ
ഭാര്യയ്ക്ക് പ്രായക്കുറവ് ഉണ്ടായതിനാൽ മറ്റ് വിവാഹേതര ബന്ധങ്ങൾ ഉണ്ടാകുമെന്ന് ഗോപാലകൃഷ്ണന് സംശയം ഉണ്ടായിരുന്നു. പൊങ്കൽ അവധി ആഘോഷിക്കാനായി ഇയാൾ സന്ധ്യയെ ചെന്നൈയിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. തുടർന്ന് ജനുവരി 18ന് ഇരുവരും തമ്മിൽ വീണ്ടും വാക്കുതർക്കം ഉണ്ടാവുകയും ചെയ്തു. വാക്കുതർക്കത്തിനിടെ പ്രകോപിതനായ ഗോപാലകൃഷ്ണൻ സന്ധ്യയെ അടിക്കുകയായിരുന്നു. അടിയേറ്റ സന്ധ്യ തല്ക്ഷണം തന്നെ മരണപ്പെടുകയും ചെയ്തു. കൊലപാതകം പുറത്തറിയാതിരിക്കാനായി ഇയാൾ സന്ധ്യയുടെ മൃതദേഹം കഷണങ്ങളായി വെട്ടി മുറിച്ച് വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു. ഒരു കൈയ്യും രണ്ട് കാലുകളുമാണ് കോടമ്പാക്കത്തിന് സമീപത്തെ പെരുങ്ങുടിയിൽ നിന്ന് കണ്ടെത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.
അതേസമയം ജനവാസപ്രദേശമായ സ്ഥലത്ത് കൊലപാതകം മറച്ച് വെക്കാനായി ഇത്തരത്തിൽ ഒരു ക്രൂരത ഇയാൾക്ക് ഒറ്റയ്ക്ക് ചെയ്യാൻ സാധിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഗോപാലകൃഷ്ണന്റെ സുഹൃത്തുക്കൾക്ക് കേസിൽ പങ്ക് ഉണ്ടോ എന്നാണ് പൊലീസ് ഇപ്പോൾ അന്വേഷിക്കുന്നത്.