tv

ന്യൂഡൽഹി: ടിവി ചാനലുകൾ ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാമെന്ന രീതിയിൽ ടെലികോം അതോരിറ്റിയുടെ പുതിയ സംവിധാനം പ്രാബല്യത്തിലെത്തിയിട്ട് ഒരാഴ്ച പിന്നിടുന്നു. എന്നാൽ ഇപ്പോഴും ഉപയോക്താക്കളുടെ ആശയക്കുഴപ്പം തീരുന്നില്ല എന്നതാണ് പ്രശ്നം. പലർക്കും ചാനലുകൾ ലഭിക്കുന്നില്ല. പല സേവനദാതാക്കളും ചാനലുകൾ തിരഞ്ഞെടുക്കാൻ നൽകിയ സമയപരിധിയും കഴിയുകയാണ്.

ട്രായ് ഉത്തരവ് പ്രകാരം സൗജന്യമായി സംപ്രേഷണം ചെയ്യന്ന നൂറു ചാനലുകൾ നെറ്റ് വർക്ക് ഓപ്പറേറ്റർമാർ ഉപഭോക്താക്കൾക്ക് നൽകണം. 26 ദൂരദർശൻ പ്രാദേശിക ചാനലുകളും 74 സൗജന്യ ചാനലുകളും ഇതിലുണ്ട്. ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കുന്ന പേ ചാനലുകൾക്ക് നിശ്ചിത തുകയും ഇ‌ൗടാക്കാം. തുക നൽകുന്ന മുറയ്ക്ക് ചാനലുകൾ ഓപ്പറേറ്റർമാർ ഓൺ ചെയ്തു നൽകും. എന്നാൽ പുതിയ പ്രീപെയ്ഡ് സംവിധാനത്തിലേക്ക് മാറിയതാകട്ടെ 35മുതൽ 40ശതമാനം വരെ ആളുകളാണ്. രാജ്യത്തെ മുഴുവൻ ഉപയോക്താക്കളും പുതിയ രീതിയിലേക്ക് മാറാൻ ഇനിയും മാസങ്ങളെടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ.

74 സൗജന്യ ചാനലുകളും ആവശ്യമായ പേ ചാനലുകളും കൂട്ടമായോ ഒറ്റക്കായോ ഓൺലൈനായി തിരഞ്ഞെടുക്കാൻ കഴിയാത്തവരും വെബ്സൈറ്റിലൂടെ ചാനലുകൾ തിരഞ്ഞെടുക്കാൻ കഴിയാത്തവരും ഇപ്പോൾ സേവനദാതാക്കൾ നിശ്ചയിച്ച പായ്ക്കുകളാണ് ഇപ്പോൾ തിരഞ്ഞെടുക്കുന്നത്.

ചാനലുകൾ പൂർണമായും മുടങ്ങുന്ന അവസ്ഥ വരില്ല.ഉപയോക്താക്ക8ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ ചാനലുകൾ പിൻവലിക്കരുതെന്ന് ട്രായിയുടെ പ്രത്യേക നിർദേശമുണ്ട്. അടിസ്ഥാന നിരക്കുകൾ ഓപ്പറേറ്റർമാരുടെ വാലറ്റിലടച്ച് ഫ്രീടു എയർ ചാനലുകൾ തടസമില്ലാതെ നൽകാനുള്ള തീരുമാനമാണ് കേബിൾ ഓപ്പറേറ്റർമാർ സ്വീകരിച്ചിട്ടുള്ളത്. പേ ചാനലുകൾ പടിപടിയായി പിൻവലിക്കും. പുതിയ സംവിധാനത്തിലേക്ക് മാറാൻ ശ്രമിക്കാത്തവർക്ക് അടിസ്ഥാന പാക്കേജ് നൽകാനുള്ള തീരുമാനവും സേവനദാതാക്കൾ കൈക്കൊണ്ടേക്കും. ഡി.റ്റ‌ി.എച്ച് സംവിധാനം ഉപയോഗിക്കുന്നവർക്ക് ആപ്പുകളിലൂടെയും വെബ്സൈറ്റുകളിലടെയും ചാനലുകൾ തിരഞ്ഞെടുക്കാൻ സാധിക്കുന്നുണ്ട്.

ചാനലുകൾ തിരഞ്ഞെടുക്കുന്നതിനെ സംബന്ധിച്ച പരാതികൾ ഇപ്പോൾ ട്രായിയെ വെബ്സൈറ്റിലൂടെ നേരിട്ട് അറിയിക്കാം. പാതികൾ ട്രായി തന്നെ കേബിൾ ഓപ്പറേറ്റർമാരെയും ഡി.റ്റി‌.എച്ച് സേവനദാതാക്കളെയും അറിയിക്കും. പരാതിയെ തുടർന്ന് ചില സേവനദാതാക്കൾക്കെതിരെ ട്രായ് നോട്ടീസ് അയച്ചിട്ടുണ്ട്. ഇതിനിടെ പുതിയ സംവിധാനം ടിവി ചാനൽ മാസവരി സംഖ്യയിൽ 15ശതമാനമെങ്കിലും കുറവുണ്ടാക്കുമെന്ന് ട്രായ് വ്യക്തമാക്കി.