കൊച്ചി: അധോലോക കുറ്റവാളി രവി പൂജാരി പി.സി ജോർജ് എം.എൽ.എയെ വിളിച്ചതിന്റെ തെളിവ് അന്വേഷണ ഏജൻസികൾക്ക് ലഭിച്ചു. സെനഗലിൽ നിന്ന് നാല് ഇന്റർനെറ്റ് കോൾ വന്നതായി കേന്ദ്ര ഏജൻസികൾ സ്ഥിരീകരിച്ചു. രവി പൂജാരി ഭീഷണിപ്പെടുത്തിയതായി പി.സി ജോർജ് കഴിഞ്ഞ ദിവസം വെളിപ്പടുത്തിയിരുന്നു. ആഫ്രിക്കയിൽ നിന്ന് നെറ്റ് കോൾ വഴി തനിക്കെതിരെ വധഭീഷണി വന്നിരുന്നുവെന്നാണ് പി.സി.ജോർജ് അറിയിച്ചിരുന്നത്. രവി പൂജാരിയാണ് തന്നെ ഭീഷണിപ്പെടുത്തിയതെന്ന് കാട്ടി പൊലീസിൽ പരാതി നൽകിയതായും അദ്ദേഹം അറിയിച്ചിരുന്നു. ഇക്കാര്യമാണ് ഇപ്പോൾ അന്വേഷണ സംഘം സ്ഥിരീകരിച്ചിരിക്കുന്നത്.
'രണ്ടാഴ്ച മുമ്പ് ആഫ്രിക്കയിൽനിന്ന് എനിക്ക് ഒരു നെറ്റ് കോൾ വന്നു. ആദ്യം അയാൾ നിങ്ങൾക്കയച്ച സന്ദേശം വായിച്ചില്ലേ എന്നു ചോദിച്ചു. സമയം കിട്ടിയില്ലെന്ന് പറഞ്ഞപ്പോൾ താൻ രവി പൂജാരിയാണെന്ന് അയാൾ വെളിപ്പെടുത്തി. പിന്നീട് എന്നെയും രണ്ടു മക്കളിൽ ഒരാളെയും തട്ടിക്കളയുമെന്ന് ഭീഷണിപ്പെടുത്തി. നീ പോടാ റാസ്കൽ, നിന്റെ വിരട്ടൽ എന്റെ അടുത്ത് നടക്കില്ലെടാ ഇഡിയറ്റ് എന്ന് അറിയാവുന്ന ഇംഗ്ലീഷിൽ താനും മറുപടി പറഞ്ഞു.-പി.സി ജോർജ് പറഞ്ഞു. സംഭവത്തിന് ശേഷം മുഖ്യമന്ത്രിക്കും, പൊലീസ് മേധാവിക്കും പി.സി ജോർജ് പരാതി നൽകിയിരുന്നു. ഇതിൽ അന്വേഷണം നടന്നുവരുന്നതിനാൽ സംഭവം പുറത്ത് പറഞ്ഞില്ലെന്നും പി.സി ജോർജ് പറയുന്നു. പൊലീസ് നിർദേശിച്ചത് അനുസരിച്ചാണ് മിണ്ടാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
നടി ലീന മരിയ പോളിന്റെ ബ്യൂട്ടിപാർലറിലെ വെടിവയ്പുമായി ബന്ധപ്പെട്ട് രവി പൂജാരിയെ പ്രതി ചേർത്തിട്ടുണ്ട്. മൂന്നാം പ്രതിയാണ് രവി. ബ്യൂട്ടിപാർലർ വെടിവയ്പ്പ് കേസിൽ സംഭവത്തിന് ശേഷം പ്രതികൾ മുംബയിലേക്ക് ഫോൺവഴി ബന്ധപ്പെടാൻ ശ്രമിച്ചതിന് തെളിവ് ലഭിച്ചതായി പൊലീസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. മുംബയിൽ രജിസ്റ്റർ ചെയ്‌തിട്ടുള്ള രണ്ട് നമ്പറുകളിൽ നിന്നുമാണ് കോളുകൾ പോയിട്ടുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് മുംബയ് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കി.
കുമ്മനത്തെ കേരളത്തിനു വേണം, ഗവർണർ സ്ഥാനത്തേക്ക് മറ്റൊരാളെ നോക്കണം: കേന്ദ്രത്തോട് ആർ.എസ്.എസ്