നാഗ്പൂർ: രഞ്ജി ട്രോഫിയിൽ തുടർച്ചയായി രണ്ടാം തവണയും വിദർഭ കിരീടം നിലനിറുത്തി. ഫെെനലിൽ 78 റൺസിനാണ് സ്വരാഷ്ട്രയെ തോൽപ്പിച്ചത്. 206 വിജയലക്ഷ്യം പിന്തുടർന്ന സൗരാഷ്ട്ര 127 റൺസിന് പുറത്തായി. ആറു വിക്കറ്റ് വീഴ്ത്‌തിയ ആദിത്യ സർവാതെ, മൂന്നു വിക്കറ്റ് പിഴുത അക്ഷയ് വഖാരെ എന്നിവർ ചേർന്നാണ് സൗരാഷ്ട്രയെ പുറത്താക്കിയത്. 24 ഓവറിൽ 59 റൺസ് വഴങ്ങിയാണ് സർവാതെ രണ്ടാം ഇന്നിങ്സിൽ ആറു വിക്കറ്റ് പിഴുതത്. ഒന്നാം ഇന്നിങ്സിലും അഞ്ചു വിക്കറ്റ് നേടിയ സർവാതെ മൽസരത്തിലാകെ 11 വിക്കറ്റ് നേടി. രണ്ടാം ഇന്നിങ്സിൽ 49 റൺസ് നേടിയ സർവാതെയായിരുന്നു വിദർഭയുടെ ടോപ് സ്കോറർ.
206 റൺസ് ലക്ഷ്യമിട്ടിറങ്ങിയ സൗരാഷ്ട്ര നാലാം ദിവസം കളി അവസാനിക്കുമ്പോൾ അഞ്ചു വിക്കറ്റിന് 58 റൺസെന്ന നിലയിലായിരുന്നു. ജയിക്കാൻ അവസാന ദിവസം അവർക്കു 148 റൺസ് കൂടി വേണമായിരുന്നെങ്കിലും 69 റൺസ് കൂട്ടിച്ചേർക്കുമ്പോഴേയ്ക്കും ശേഷിച്ച അഞ്ചു വിക്കറ്റുകളും നഷ്ടമായി. ജഡേജ 137 പന്തിൽ ആറു ബൗണ്ടറികളോടെ 52 റൺസെടുത്തു.