തിരുവനന്തപുരം: ദീർഘകാലമായി മരവിച്ചു കിടക്കുന്ന തലശേരി മൈസൂർ റെയിൽപാതയ്ക്ക് വീണ്ടും ചിറക് മുളയ്ക്കുന്നു. പാരിസ്ഥിതിക എതിർപ്പ് മറികടക്കാൻ പുതിയ പാതയുടെ 11.5 കിലോ മീറ്റർ കബനീ നദിക്കടിയിലൂടെ ഏതാണ്ട് നദിക്ക് സമാന്തരമായി നിർമ്മിക്കുന്ന തുരങ്കത്തിലൂടെയാണ് വിഭാവനം ചെയ്യുന്നത്.
കർണാടകത്തിലെ നാഗർഹോള , ബന്ദിപ്പൂർ വനത്തിലൂടെ ഒഴുകുന്ന കബനീ നദിയുടെ അടിയിലൂടെ ടണൽ പാത നിർമ്മിക്കാനുള്ള നിർദ്ദേശം കർണാടക സർക്കാരിന് സമർപ്പിച്ചു. കേന്ദ്ര, കേരള സർക്കാരുകൾക്ക് 49:51 ശതമാനം ഓഹരിയുള്ള കേരള റെയിൽ ഡവലപ്‌മെന്റ് കോർപ്പറേഷനാണ് പദ്ധതി സമർപ്പിച്ചത്.
നേരത്തേ തലശശേരി കൂത്തുപറമ്പ് മാനന്തവാടി, കുട്ട വഴിയായിരുന്നു റെയിൽപാത വിഭാവനം ചെയ്തിരുന്നത്. കർണാടക അതിർത്തിയിലെ കാപ്പിത്തോട്ടം ഉടമകളുടെ എതിർപ്പിനെ തുടർന്നാണ് നദിക്കടിയിലൂടെ പാത ആലോചിക്കുന്നത്. കാസർകോട്, കണ്ണൂർ, കോഴിക്കാട്, വയനാട്, ജില്ലകളിലുളളവർക്ക് മൈസൂരിലും ബാംഗ്ലൂരിലും എത്താൻ എളുപ്പമായിരിക്കും പുതിയ റൂട്ട്.ചെലവും കുറയും.
മംഗലാപുരം ബംഗളുരു പാതയിലെ ചരക്ക് നീക്കം ശേഷി കവിഞ്ഞതിനാൽ അധിക ചരക്ക് നീക്കം പുതിയ പാതവഴിയാക്കാം. ഇപ്പോൾ വനമേഖലയിലൂടെ രാത്രി യാത്രയ്ക്ക് തടസമുള്ളതിനാൽ കാറുകളും മറ്രുവാഹനങ്ങളും പുതിയ റൂട്ടിൽ ട്രെയിനിൽ കൊണ്ടുപോകുന്നതും പരിഗണിക്കുന്നുണ്ട്.
പുതിയ പാത
തലശ്ശേരി മൈസൂരു 207 കിലോമീറ്റർ
റൂട്ട് മാനന്തവാടി, കേണിച്ചിറ, പുല്പള്ളി വഴി
കബനീ നദിക്കടിയിൽ 11.5 കിലോ മീറ്രർ ടണൽ
ടണൽ നിർമ്മിക്കാൻ 1200 കോടി
റെയിൽ പാതയ്ക്ക് 6,000 കോടി
ഭൂമിയേറ്റെടുക്കാൻ ചെലവ് പുറമേ
10 15 കിലോമീറ്റർ ഇടവിട്ട് സ്റ്റേഷനുകൾ
തലശേരി മൈസൂരു ഏകദേശം 5 മണിക്കൂർ
മൈസുരു ബംഗളുരു മൂന്ന് മണിക്കൂർ
കോഴിക്കോട് തലശേരി ബംഗളുരു 9 മണിക്കൂർ
ഇപ്പോൾ തലശേരി കോഴിക്കോട് ഷൊർണൂർ ബംഗളുരു 15 മണിക്കൂർ
''കൊങ്കൺ റെയിൽ കോർപ്പറേഷനാണ് വിശദമായ പദ്ധതി റിപ്പോർട്ട് ( ഡി.പി.ആർ ) തയ്യാറാക്കിയത്. ലണ്ടനിലെ ബഹുരാഷ്ട്ര കൺസൾട്ടിംഗ് കമ്പനി പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് ആണ് ട്രാഫിക് സ്റ്റഡി നടത്തിയത്. പാത നിർമാണത്തിന് സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ രൂപീകരിക്കും. റൂട്ട് ലാഭകരമായിരിക്കുമെന്നാണ് ഇവരുടെ റിപ്പോർട്ട്''.
വി. അജിത് കുമാർ
കേരള റെയിൽ ഡവലപ്‌മെന്റ് കോർപ്പറേഷൻ എം. ഡി