തിരുവനന്തപുരം: ഗുജറാത്തിൽ പ്രയോഗിച്ച് വിജയിച്ച പഞ്ചരത്ന പദ്ധതി കേരളത്തിൽ നടപ്പാക്കാൻ ഒരുങ്ങി ബി.ജെ.പി നേതൃത്വം. ബി.ജെ.പി, സംഘപരിവാർ സംഘടനകളിലെ സജീവ പ്രവർത്തകരും അതിവിശ്വസ്ഥരുമായ അഞ്ചു പേരെ ഉൾപ്പെടുത്തി തിരഞ്ഞെടുപ്പ് പ്രവർത്തങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള സംവിധാനമാണ് പഞ്ചരത്ന. രണ്ടു മുതിർന്നവർ, ഇരുചക്ര വാഹനം ഓടിക്കുന്ന ഒരാൾ, പട്ടിക ജാതി-വർഗ വിഭാഗത്തിൽ നിന്ന് ഒരാൾ, ഒരു വനിതാ പ്രവർത്തക എന്നിവരാണ് പഞ്ചരത്നയിൽ ഉൾപ്പെടുന്നത്. ബൂത്ത് അടിസ്ഥാനത്തിലായിരുക്കും ഇത് ക്രമീകരിക്കുക.
പഞ്ചരത്നയിലുള്ളവരുടെ മേൽനോട്ടത്തിലായിരിക്കും ബ.ജെ.പിയുടെ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ മുന്നോട്ടു നീങ്ങുക .ബൂത്തിലെ ഓരോ വീടും പ്രത്യേകം പ്രത്യേകം കേന്ദ്രീകരിച്ചായിരിക്കും ഇവരുടെ പ്രവർത്തനം. ഗുറാത്തിൽ നടപ്പിലാക്കി വിജയിച്ച പദ്ധതി ആർ.എസ്.എസിന്റെ താൽപര്യപ്രകാരമാണ് കേരളത്തിലും നടപ്പിലാക്കാൻ ഒരുങ്ങുന്നത്. തിരഞ്ഞെടുപ്പിൽ ഒരു സീറ്റെങ്കിലും നേടുകയും മറ്റുള്ളിടത്ത് മുന്നണികൾക്ക് വെല്ലുവിളി ഉയർത്തി പാർട്ടിയുടെ അടിത്തറ ശക്തമാക്കുകയുമാണ് ലക്ഷ്യം.