fire

പാലക്കാട്: കഞ്ചിക്കോട് വ്യാവസായിക മേഖലയിലെ സ്വകാര്യ കമ്പനിയിൽ വൻ തീപിടുത്തം. ഒരു പെയിന്റ് നിർമാണ ഫാക്ടറിക്ക് തീപിടിച്ചത്. കഴിഞ്ഞ ഒരു മണിക്കൂറിലേറെയായി തീപിടുത്തം തുടരുകയാണ്. അഗ്നിശമനസേന ഉടൻ തന്നെ സംഭവസ്ഥലത്തെത്തുകയും തീയണക്കാനുള്ള ശ്രമം ആരംഭിക്കുകയും ചെയ്തു. നിലവിൽ അഗ്നിശമന സേനയുടെ മൂന്ന് യൂണിറ്റുകളാണ് സംഭവ സ്ഥലത്തുള്ളത്.

തീപിടുത്തത്തെ തുടർന്ന് ഒരു സ്ത്രീയ്ക്ക് പൊള്ളലേറ്റു. ഇവരെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. കമ്പനിക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ പൂർണമായും കത്തി നശിച്ചു. സമീപത്തെ അരി മില്ലിലേക്ക് തീ പടരുകയാണ്. വെള്ളം ഒഴിച്ച് തീ കെടുത്താൻ ശ്രമിക്കുമ്പോഴും തീയുടെ കാഠിന്യം കുറയുന്നില്ലെന്ന് അഗ്നിസുരക്ഷാ സേന അറിയിച്ചു.

പെയിന്റ് നിർമാണത്തിനുള്ള അസംസ്‌കൃത വസ്തുക്കൾ ശേഖരിച്ചിരിക്കുന്നതിനാൽ തീ വീണ്ടും ആളിപടരുകയാണ്. രണ്ട് വർഷത്തിനിടെ മൂന്നാം തവണയാണ് ഇതേ കമ്പനിക്ക് തീപിടിക്കുന്നത്. തീ പടരുവാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. നിലവിൽ സമീപത്തെ കാട്ടിലേക്കും തീ പടരാനുള്ള സാദ്ധ്യതയുള്ളതിനാൽ സുരക്ഷാ സേനയുടെ നേതൃത്വത്തിൽ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്.