huawei


സാംസങ്ങ് ഉൾപ്പെടെ എല്ലാ മുൻ നിര കമ്പനികളും ഫോൾഡബിൾ ഫോൺ പുരത്തിറക്കാനുള്ള മത്സരത്തിലാണ്. എന്നാൽ ഫോൾഡബിൾ ഫോൺ വേണമെന്ന ഹുവായ് ആരാധകരുടെ ഏറെകാലത്ത ആവശ്യത്തിന് വിരാമമിട്ടുകൊണ്ട് കമ്പനി തന്നെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. ബാഴ്‌സലോണയിൽ നടക്കാനിരിക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസ് 2019ൽ ഫോൾഡബിൾ ഫോൺ മോഡലിനെ കമ്പനി അവതരിപ്പിക്കും. ഇത് സംബന്ധിച്ച് കമ്പനിയുടെ ഔദ്യോഗിക ട്വിറ്ററിൽ കുറിച്ചു. ഫെബ്രുവരി 24നാണ് ആദ്യ ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്.

റിപ്പോർട്ടുകൾ പ്രകാരം പുതിയ ഫോൾഡബിൾ 5ജി സ്മാർട്ട്‌ ഫോണിന് 7.2 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്. ഹുവായുടെതന്നെ ഹൈസിലിക്കൺ കിരിൻ പ്രോസസ്സറാണ് ഫോണിനു കരുത്തു പകരുന്നത്. 5ജി നെറ്റ്-വർക്ക് സപ്പോർട്ടിനായി ബലോംഗ് 5000 മോഡവും ഫോണിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ആദ്യഘട്ടമെന്നോണം 24,000 മുതൽ 30,000 വരെ ഫോൾഡബിൾ ഫോൺ മാത്രമേ പുറത്തിറക്കൂവെന്നും റിപ്പോർട്ടുകളുണ്ട്.

പുറത്തിറക്കിയ ശേഷം ഉപയോക്താക്കളുടെ റിവ്യൂ അനുസരിച്ചാകും കൂടുതൽ യൂണിറ്റുകൾ വിപണിയിലെത്തിക്കുക. അന്താരാഷ്ട്ര തലത്തിൽ ഹുവായ്ക്ക് ഏറെ ആരാധകരുള്ളതുകൊണ്ടുതന്നെ ആദ്യഘട്ടത്തിൽ പുറത്തിറക്കുന്ന യൂണിറ്റുകൾ ഞൊടിയിടയിൽ വിറ്റുതീരുമെന്ന കാര്യത്തിൽ സംശയമില്ല. ഏതൊക്കെ രാജ്യങ്ങളിലായിരിക്കും ആദ്യ ഘട്ടത്തിൽ ഫോൺ അവതരിപ്പിക്കുക എന്ന കാര്യത്തിലും മൊബൈൽ വേൾഡ് കോൺഗ്രസിൽ അറിയിപ്പുണ്ടാകാൻ സാധ്യതയില്ല.