liver

രോഗങ്ങളുടെ പേര് സമൂഹം എന്നും ഒരു പേടിയോടെ മാത്രമേ കേട്ടിട്ടുള്ളു. ഹൃദ്രോഗങ്ങൾ, വൃക്ക രോഗങ്ങൾ, പകർച്ചവ്യാധികൾ തുടങ്ങി അർബുദം വരെയുള്ള എല്ലാ രോഗങ്ങളും ഒരു ഭീതിയോടെ അല്ലാതെ ഓർക്കാൻ സാധ്യമല്ല. ഇക്കൂട്ടത്തിൽ എടുത്ത് പറയേണ്ട ഒന്നാണ് കരൾ രോഗങ്ങൾ ഇവ ഇന്നും സമൂഹത്തിൽ വളരെയധികം ഭീതി വളർത്തുന്ന ഒരു രോഗമാണ്.

കരൾ എന്നും സമൂഹത്തിൽ സ്‌നേഹത്തിന്റെ പ്രതീകമായാണ് അറിയപ്പെടുന്നത്. 'നീ എന്റെ കരളല്ലേ?', 'എന്റെ കരളിന്റെ കരളേ' തുടങ്ങിയ പദപ്രയോഗങ്ങൾ ഇതിന് ഉദാഹരണമാണ്. എന്നാൽ ഇന്ന് കരൾ രോഗങ്ങൾ ഉയർത്തുന്ന ആരോഗ്യപ്രശ്നങ്ങൾ സമൂഹത്തിൽ ഒരുപാട് സങ്കടങ്ങൾ സൃഷ്ടിക്കുന്നു.

കരൾ രോഗങ്ങളിൽ ഏറ്റവും അപകടകാരിയായേക്കാവുന്ന ഒരു രോഗമാണ് കരൾവീക്കം. ഏറ്റവും പ്രധാനപ്പെട്ട ഒരു രോഗവും ഇതു തന്നെ. എന്നാൽ സമൂഹത്തിന് ഇന്നും ഉദര രോഗങ്ങളെകുറിച്ച് വ്യക്തമായ ഒരു ധാരണയില്ല. ഇന്ന് സമൂഹത്തിൽ വളരെയധികം ആൾക്കാർക്കാരിൽ ബാധിച്ചിട്ടുള്ളതും നിരവധി പ്രഗൽഭരും സാധാരണക്കാരുമായ രോഗികളുടെ മരണകാരണവുമായ ഈ രോഗത്തെക്കുറിച്ച് സമൂഹത്തിന് അറിവ് ലഭ്യമാക്കുന്നതിനുവേണ്ടി ഈ ലേഖനം ഉപയോഗപ്പെടുമെന്ന് കരുതുന്നു.

കരൾവീക്കം ലക്ഷണങ്ങൾ

ഏകദേശം ഒരു വർഷം മുൻപ് എന്റെ പരിശോധനാ മുറിയിൽ ഒരു രോഗി തന്റെ ഭാര്യയോടൊപ്പം വന്നു അദ്ദേഹത്തിന്റെ വിഷയം'ആറുമാസമായി കാലിൽ നീരുണ്ട്' എന്നതാണ്. ഭാര്യ നിർബന്ധിച്ചിട്ടും അദ്ദേഹംചികിത്സതേടാൻ വിസമ്മതിച്ചിരുന്നു. താൻ കൂടുതൽ ദൂരം നടക്കുന്നത് കൊണ്ടാണ് നീരുവരുന്നത് എന്നാണ് അദ്ദേഹം മനസിലാക്കിയിരുന്നത്. എന്നാൽ ഒരാഴ്ച മുൻപ് അദ്ദേഹത്തിന്റെ കണ്ണിലും മൂത്രത്തിലും മഞ്ഞനിറം കണ്ടതിനെ തുടർന്നാണ് അദ്ദേഹം ചികിത്സ ആവശ്യപ്പെട്ട് ആശുപത്രിയിൽ എത്തിയത്. തുടർന്നുള്ള പരിശോധനയിൽ അദ്ദേഹത്തിന് കരൾവീക്കം ആണെന്നു സ്ഥിരീകരിച്ചു. മരുന്നുകൊണ്ട് അദ്ദേഹത്തിന് ചികിത്സ നൽകിയെങ്കിലും ആറ് മാസം കഴിഞ്ഞ് അദ്ദേഹത്തിന് അകാലനിര്യാണം ഉണ്ടായി. ഇത് കരൾ രോഗത്തിന്റെ ഒരു സാധാരണ കഥയാണ്. പല ആളുകൾക്കും രോഗലക്ഷണം തീരെ കാണാറില്ല. ക്ഷീണം, അലസത, വിശപ്പില്ലായ്മ ഇവയൊക്കെയായിരിക്കും ചിലപ്പോൾ പ്രാരംഭലക്ഷണങ്ങൾ. രോഗി ഇവയൊക്കെ തന്നെ അവഗണിക്കുക സാധാരണമാണ്.

liver

ഈ രോഗ ലക്ഷണങ്ങളെ പലപ്പോഴും അവഗണിക്കുന്നതു മൂലം രോഗം മൂർച്ഛിച്ചതിന് ശേഷമാണ് പലപ്പോഴും രോഗി വൈദ്യസഹായം തേടുന്നത്. പ്രധാനമായും താഴെപറയുന്നകാരണങ്ങൾ മൂലമാണ് രോഗിവൈദ്യസഹായം തേടുന്നത്. രക്തം ഛർദ്ധിക്കുക അല്ലെങ്കിൽ മലത്തിൽ വാർന്നു പോകുക (Gastrointestinal Bleeding), കാലിൽ അല്ലെങ്കിൽ വയറ്റിൽ നീരുവരിക (Ascites), രോഗിയുടെ ബോധാവസ്ഥയിൽ മാറ്റം വരിക (Hepatic Encephalopathy). സാധാരണഗതിയിൽ രോഗി രക്തം ഛർദ്ധിക്കുമ്പോൾ വളരെയധികം പുറത്തുവരും. തൻമൂലം രോഗി പെട്ടെന്നു ക്ഷീണിക്കുകയും കുഴഞ്ഞു വീഴുകയും ചെയ്യാം. കറുത്ത നിറത്തിൽ ടാറുപോലെ മലം പോകുന്നത് ആന്തരിക രക്തശ്രാവത്തിന്റെ അടയാളമാണ്. കട്ടപിടിപ്പിക്കാനുള്ള പ്രയാസം രോഗികളിൽ കണ്ടതുമുലം ശരീരത്തിൽ എവിടെനിന്നും രക്തം ശ്രവിക്കാം. കരൾവീക്കത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ തലച്ചോറിന്റെ പ്രവർത്തനത്തിൽ വരുന്നമാറ്റം പലപ്പോഴും രോഗികളും സമൂഹവും വേണ്ടത്ര തിരിച്ചറിയുന്നില്ല.

നിങ്ങൾക്ക് ഇതറിയുമ്പോൾ ആശ്ചര്യം തോന്നിയേക്കാം. കാരണം, കരൾ രോഗികൾ മറവി, പെരുമാറ്റത്തിലുണ്ടാകുന്ന മാറ്റം തുടങ്ങിയവ മുതൽ അബോധാവസ്ഥവരെയുള്ള പല ലക്ഷണങ്ങളും കാണിക്കാറുണ്ട്. ഇതുകൂടാതെ കരൾവീക്കത്തിൽ മഞ്ഞപിത്തം, ചൊറിച്ചിൽ, രാത്രിയിൽ ഉറക്കക്കുറവ്, ഭാരക്കുറവ്, പനി തുടങ്ങിയ ലക്ഷണങ്ങളും കണ്ടുവരുന്നു. രോഗലക്ഷണങ്ങൾ രോഗിക്ക് പെട്ടെന്ന് രോഗനിർണയത്തിന് സഹായമായേക്കാം. എന്നാൽ വളരെ പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ, പലരോഗികൾക്കും രോഗലക്ഷണങ്ങൾ ഒന്നും തന്നെ കാണില്ല. അതിനാൽ രോഗങ്ങൾ, പ്രത്യേകിച്ച് കരൾരോഗം വരാൻ സാധ്യതയുള്ള ആളുകൾ രോഗലക്ഷണം കാണുന്നതിനു മുൻപ് പരിശോധന നടത്തുന്നത് നല്ലതായിരിക്കും. മദ്യപാനികൾ, പാരമ്പര്യമായി കരൾരോഗമുള്ളവർ, അമിതഭാരമുള്ളവർ, മുൻപ് മഞ്ഞപിത്തം വന്നിട്ടുള്ളവർ എന്നിവർ കരൾവീക്കം വരാൻ സാധ്യതയുള്ളവരാണ്.

എന്തൊക്കെയാണ് കരൾവീക്കത്തിന് കാരണങ്ങൾ?

ഈ അടുത്തകാലത്ത് ഞാനൊരു രോഗിയിൽ സിറോസിസ് എന്ന രോഗനിർണ്ണയം നടത്തുകയുണ്ടായി. വളരെ ആശ്ചര്യത്തോടുകൂടി രോഗിയുടെ മകൻ എന്നോട് പറഞ്ഞത്, എന്റെ അച്ഛൻ ഇന്നുവരെ ഒരുതുള്ളി മദ്യം പോലും കഴിച്ചിട്ടില്ല എന്നാണ്. ജനങ്ങൾക്കിടയിൽ സിറോസിസ് എന്ന രോഗത്തിന്റെ കാരണങ്ങളെക്കുറിച്ചുള്ള ധാരണ പൂർണമായും ശരിയല്ല എന്നുകാണിക്കുന്ന ഒരു സംഭവമാണിത്. നാം മനസിലാക്കുന്നതുപോലെ മദ്യപാനം തന്നെയാണ് കരൾവീക്കത്തിനു പ്രധാനമായ ഒരു കാരണം.

എന്നാൽ ഇന്ന് മദ്യപിക്കാത്ത പുരുഷന്മാരിലും സ്ത്രീകളിലും ഈ രോഗം വളരെയധികം വർധിച്ചുവരുന്നുണ്ട്. ഇതിനു കാരണം പ്രധാനമായും കരളിൽ കൂടുതലായും കൊഴുപ്പ് അടിഞ്ഞുകൂടുക (Fatty Liver), ചില വൈറസുകൾ മൂലമുള്ള അണുബാധ (Hepatitis B & Hepatitis C), കരളിൽ ഇരുമ്പിന്റെയും കോപ്പറിന്റെയും അളവ് കൂടുക തുടങ്ങിയവ ഇവയിൽചിലതാണ്. ഇതിനു പുറമെ നിരവധി കാരണങ്ങൾക്കൊണ്ടും ഒരാൾക്ക് കരൾവീക്കം വരാം. ഇതിൽ Fatty Liver പ്രത്യേക ശ്രദ്ധ അർഹിക്കുന്നു. മാറിയ ജീവിതസാഹചര്യങ്ങളും ഭക്ഷണക്രമങ്ങളും (Fast food) കായികാധ്വാനത്തിന്റെ അപര്യാപ്തതയും ഇതിന് ആക്കംകൂട്ടും.

നമ്മൾ വ്യക്തമായി അറിയേണ്ട ഒരുകാര്യം, ഒരിക്കൽ കരൾവീക്കം വന്ന രോഗി പിന്നീട് പൂർണ്ണ ആരോഗ്യവനായി മാറുന്നില്ല എന്നുള്ളതാണ്. അതായത് ഇന്ന് ലഭ്യമായ ചികിത്സാസൗകര്യം വഴി ഈ രോഗം മരുന്നിനാൽ ഭേദപ്പെടുത്തുവാൻ സാധ്യമല്ല. വളരെയധികം പ്രധാനപ്പെട്ട ഒരു അറിവാണിത്. ഈ അറിവ് മദ്യപാനികൾ വളരെയധികം പ്രാധാന്യത്തോടെ വേണം ഉൾകൊള്ളാൻ. എന്തെന്നാൽ കരൾവീക്കത്തിലേക്കു മാറുന്നതിനുമുമ്പ് മദ്യപാനശീലം ഒഴിവാക്കിയാൽ മാത്രമേ രോഗിക്ക് പൂർണ്ണ ആരോഗ്യവസ്ഥയിലേക്ക് തിരിച്ചുവരാൻ സാധിക്കുകയുള്ളു.

എങ്ങനെ കരൾവീക്കം നിർണ്ണയിക്കാം?

ശരിയായ രോഗലക്ഷണങ്ങൾ അപഗ്രഥിക്കുന്നത് രോഗനിർണയത്തിന് വളരെയധികം സഹായകരമാണ്. രക്തപരിശോധന (Liver function test), മാറിന്റെ സ്‌കാൻ (USG) എന്നിവകൊണ്ട് ഏറെക്കുറെ രോഗനിർണ്ണയം പൂർത്തീകരിക്കാം. ചില സമയങ്ങളിൽ രോഗനിർണയത്തിന് എൻഡോസ്‌കോപ്പി പരിശോധനയും ആവശ്യമാണ്.

രോഗനിർണയത്തിന് ശേഷം കൃത്യമായ ചികിത്സ രോഗിക്ക് ഉറപ്പുവരുത്തുന്നതുമൂലം ജീവിതദൈർഘ്യം ഗണ്യമായി വർദ്ധിപ്പിക്കാനാകും. എന്നാൽ കലശലായി രോഗം മൂർഛിക്കുന്ന അവസ്ഥയിൽ രോഗികൾക്ക് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയമാകേണ്ടിവന്നേക്കാം.

കരൾവീക്കവും ക്യാൻസറും

കരൾവീക്കം കരൾ ക്യാൻസറിന്റെ സാധ്യത വർദ്ധിപ്പിക്കുന്നു. കരൾ ക്യാൻസർ അത്യധികം മാരകമായ ഒരു രോഗവുമാണ്. ആയതിനാൽ ഒരു നിശ്ചിത ഇടവേളയിൽ കരൾവീക്കരോഗികൾ അർബുദരോഗ പരിശോധനകൾക്കു വിധേയമാക്കേണ്ടതാണ്.

കരൾവീക്കരോഗികളുടെ ആയുർദൈർഘ്യം
പലപ്പോഴും രോഗനിർണയത്തിനുശേഷം ഏറ്റവും ആഭിമുഖീകരിക്കേണ്ട ഒരു ചോദ്യമാണ് രോഗി എത്രകാലം ജീവിക്കും എന്നുള്ളത്. യാഥാർഥ്യ ബോധത്തോടെ പറയട്ടെ, ഒരു പ്രവചനം കരൾവീക്കത്തിന്റെ കാര്യത്തിൽ അസാധ്യമാണ്. ചിലർ ഒരാഴ്ച്ച, ഒരു മാസം, ഒരു വർഷം, പത്തുവർഷം, ചിലർ അതിലും കൂടുതൽ കാലം.... അങ്ങനെ ആയുർദൈർഘ്യം പലരിലും പലതാണ്. പക്ഷെ നിശ്ചയമായും ഒരു കാര്യം ഉറപ്പാണ്. കൃത്യമായ ചികിത്സ കുടുതൽകാലം ജീവിക്കാൻ രോഗികൾക്ക് സഹായകമാണ്.