അൻപതു വയസിനു മേൽ തൊലിക്കു വരുന്ന വ്യത്യാസങ്ങളെ പലരും രോഗാവസ്ഥയാണ് എന്ന് തെറ്റിദ്ധരിച്ച് ഡോക്ടറെ സമീപിക്കുന്ന അനേകം ആൾക്കാരുണ്ട്. അത് ത്വക്കിലുണ്ടാകുന്ന സ്വാഭാവിക പരിണാമങ്ങൾ ആണ്.
ഈ അവസ്ഥയിൽ നിന്നൊരു മാറ്റം പെട്ടെന്നുണ്ടാകുകയാണെങ്കിൽ മാത്രം വിഷമിച്ചാൽ മതി എന്നും ഒരു തിരിച്ചറിവ് ഉണ്ടാകാൻ ഇത് സഹായിക്കും എന്ന് കരുതുന്നു. ഏറ്റവും പ്രധാനമായും സാധാരണമായും കാണുന്നത്, തൊലിയിലുണ്ടാകുന്ന നിറംമാറ്റങ്ങളാണ്. കറുത്ത നിറമുള്ള പുള്ളികൾ ധാരാളമായി മുഖത്തും കൈകാലുകളുടെ പുറംഭാഗങ്ങളിലും മുഖത്തും പ്രത്യക്ഷപ്പെടാം. വളരെ വിരളമായി, അവ ത്വക്കിലെ അർബുദരോഗമായി മാറുന്നതായി കണ്ടിട്ടുണ്ട്. ദേഹത്തുണ്ടായ കാക്കപ്പുള്ളികളുടെ കറുത്ത നിറം അധികരിക്കുകയോ, വലിപ്പം വയ്ക്കുകയോ ചെയ്യുകയാണെങ്കിൽ ഉടനെ ഒരു ത്വക്ക് രോഗ വിദഗ്ദ്ധനെ കാണുക.
രോമങ്ങളിൽ വരുന്ന മാറ്റമാണ് പിന്നീട് പ്രധാനമായിട്ടുള്ളത്. 50 വയസിനു മേൽ തലമുടിയുടെ കട്ടി കുറയുകയും, കൊഴിയുകയും നരയ്ക്കുകയും ചെയ്യും. 20 വയസിനു മുമ്പ് മുടി നരയ്ക്കുകയാണെങ്കിൽ അത് അകാല നരയായാണ് അറിയപ്പെടുന്നത്. അതിന് പാരമ്പര്യം ഒരു ഘടകമാണ്. ചില രോഗങ്ങളുടെയും ലക്ഷണമായി അത് ഉണ്ടാകും. പക്ഷേ മദ്ധ്യവയസ് കഴിയുമ്പോഴേക്കും രോമകൂപങ്ങളിൽ വലിയ കുമിളകൾ പ്രത്യക്ഷപ്പെടും. അതോടൊപ്പം നിറം നൽകുന്ന കോശങ്ങളിൽ കുറവുണ്ടാകും. അങ്ങനെയാണ് നര പ്രത്യക്ഷപ്പെടുന്നത്.
(തുടരും)
ഡോ. ശ്രീരേഖാ പണിക്കർ
കൺസൾട്ടന്റ്
ഡെർമറ്റോളജി
എസ്.യു.ടി പട്ടം,
തിരുവനന്തപുരം
ഫോൺ: 0471 4077777