മെഡിക്കൽ കോളേജ് ജംഗ്ഷനിൽ നിന്ന് റെയ്ഞ്ച് റോവർ കാർ വലത്തേക്കു വെട്ടിത്തിരിഞ്ഞു.
പിന്നെ പേട്ട റോഡിലേക്ക്...
പേട്ടയിൽ നിന്ന് ബൈപ്പാസിലേക്ക് പോകുമ്പോൾ ബ്രിഡ്ജിന് അടിയിലൂടെ ഒരു ട്രെയിൻ അലറിപ്പാഞ്ഞു പോയി.
ബൈപ്പാസിലേക്ക് പ്രവേശിക്കുമ്പോൾ പെട്ടെന്നു റോഡ് ബ്ളോക്കായി.
മുന്നിലൂടെ പ്രതിപക്ഷത്തിന്റെ കൂറ്റൻ ജാഥ കടന്നുവരുന്നുണ്ടായിരുന്നു.
മുഖ്യമന്ത്രി രാജിവയ്ക്കുക എന്ന പ്ളക്കാർഡുകൾ...
ഏറ്റവും മുന്നിൽ മുഖ്യമന്ത്രി വേലായുധൻ മാസ്റ്ററുടെ കോലം ഉയർത്തിപ്പിടിച്ചിരുന്നു.
അനിഷ്ട സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ പോലീസിന്റെ വൻ പട തന്നെയുണ്ട് ജാഥയ്ക്ക് ഒപ്പം.
രാഹുൽ സ്റ്റിയറിംഗ് വീലിൽ താളം പിടിച്ചുകൊണ്ട് ഊറിച്ചിരിച്ചു. ഇത്തവണ മുഖ്യന്റെ രാജി കാണാതെ പ്രതിപക്ഷം അടങ്ങിയിരിക്കില്ല എന്ന് അവന് ഉറപ്പായിരുന്നു.
ജാഥ കടന്നുപോയി റോഡ് ക്ളിയറാകുവാൻ പിന്നെയും പത്തു മിനിട്ടോളം വേണ്ടിവന്നു.
രാഹുൽ ആക്സിലറേറ്റർ ഞെരിച്ചു. ബൈപ്പാസിലൂടെ റെയ്ഞ്ച് റോവർ റോക്കറ്റു വേഗതയിൽ പാഞ്ഞു....
കോവളം.
ഹോട്ടൽ മുറിയിൽ വേലായുധൻ മാസ്റ്റർ തനിച്ചായിരുന്നു.
മുന്നിൽ ഇരുന്ന എൽ.സി.ഡി ടിവിയിൽ ജാഥയുടെ ദൃശ്യങ്ങൾ തെളിഞ്ഞുകൊണ്ടിരുന്നു.
താഴെ ബ്രേക്കിംഗ് ന്യൂസായി ശിവദാസനെ റിമാന്റു ചെയ്ത വാർത്തയും എഴുതിക്കാണിക്കുന്നുണ്ട്.
മാസ്റ്റർ, ശരീരം മുഴുവൻ മുളകുപൊടി വീണതുപോലെ പുകഞ്ഞുകൊണ്ടിരുന്നു...
തന്റെ രാഷ്ട്രീയ ഭാവി ഇതോടെ തീർന്നുവെന്ന് ഉള്ളിന്റെ ഉള്ളിലിരുന്ന് ആരോ മന്ത്രിക്കുന്നതുപോലെ തോന്നി.
വാതിലിൽ ആരോ തട്ടി. മാസ്റ്റർ ഒന്നു നടുങ്ങി. വല്ല മീഡിയക്കാരുമാണെങ്കിൽ അതോടെ തീർന്നു...
താൻ ഡൽഹിയിൽ ഇല്ല എന്ന് ഇതിനോടകം അവർ കണ്ടെത്തിക്കഴിഞ്ഞു.
തനിക്കും കൂടി ഷെയറുള്ള ഹോട്ടലാണിത്. അതിനാൽ ഇവിടെ വന്ന് തന്നെ ആരും കണ്ടെത്തില്ല എന്ന ഉറപ്പുണ്ട്.
വീണ്ടും വാതിലിൽ തട്ടുന്നു. കരുതലോടെ മാസ്റ്റർ വാതിൽക്കലേക്കു ചെന്നു.
സേഫ്റ്റി ചെയിൻ എടുത്തിട്ട് വാതിൽ അല്പം തുറന്നു നോക്കി.
അയാളുടെ മുഖത്ത് കോപത്തിന്റെ അലകൾ മിന്നി. എങ്കിലും കടിച്ചൊതുക്കി.
പുറത്ത് രാഹുൽ ആയിരുന്നു.
''തൽക്കാലം പേടിക്കണ്ട മാഷേ... മീഡിയക്കാരെ ഒപ്പം കൊണ്ടുവന്നിട്ടില്ല ഞാൻ."
രാഹുൽ ചിരിച്ചു.
മാസ്റ്റർ അരോചകതയോടെ ഒന്നും പറയാതെ പിൻതിരിഞ്ഞു.
രാഹുൽ അകത്തുകയറി.
വാതിൽപ്പാളിയിൽ ബോൾട്ടിട്ടു.
മാസ്റ്റർ ഗൗരവത്തിൽ കസേരയിലിരുന്നു. രാഹുൽ ടിവിയിലേക്കും മാസ്റ്ററുടെ മുഖത്തേക്കും മാറി മാറി നോക്കി.
''പ്രതിപക്ഷത്തിന്റെ സമരം കൂടുതൽ രൂക്ഷമാകുകയാണല്ലോ മാഷേ?"
''ഒക്കെയ്ക്കും കാരണക്കാരൻ നീ... നീ ഒരുത്തനല്ലേ?"
''അതേ...."
ഈണത്തിൽ പറഞ്ഞുകൊണ്ട് രാഹുൽ വേലായുധൻ മാസ്റ്റർക്ക് എതിരെ ഇരുന്നു.
''നീ എന്തിനാ ഇപ്പഴിങ്ങോട്ട് എഴുന്നെള്ളിയത്? വേഗം പറഞ്ഞിട്ടുപോടാ."
മാസ്റ്റർക്കു സഹികെട്ടു.
''കാര്യം ഇന്നലെ ഞാൻ ഫോണിൽ സൂചിപ്പിച്ചിരുന്നു. എന്റെ അച്ഛന് ചീഫ് മിനിസ്റ്റർ പദവി. നിങ്ങൾ മന്ത്രിസഭയിൽ ഉണ്ടാവാനേ പാടില്ല."
മാസ്റ്ററുടെ മുഖം വലിഞ്ഞു മുറുകി.
''പറ്റില്ല."
''പറ്റണം. പറ്റിക്കണം., ഈ മന്ത്രിസഭ താഴെ വീണാലൊന്നും എനിക്കൊരു ചുക്കും സംഭവിക്കില്ല. പക്ഷേ എന്റെ അച്ഛന്റെ ഗ്രൂപ്പിലുള്ള ഇരുപത്തിരണ്ട് എം .എൽ.എമാർ നാളെ പുലർച്ചെ റിസൈൻ ചെയ്യും. അപ്പോൾ നിങ്ങൾ എതിർത്തു നിന്നാൽ പോലും മിനിസ്റ്ററി ഓടയിൽ വീഴും.
പ്രതിപക്ഷത്തിന് ഞങ്ങടെ ഗ്രൂപ്പുകാർ പിന്തുണ നൽകും. പുതിയ മിനിസ്റ്ററി വരും. അവർ ആദ്യം പുറത്തിറക്കുന്ന ഉത്തരവ് നിങ്ങൾക്ക് എതിരെയുള്ള വിജിലൻസ് അന്വേഷണമാവും."
ശിരസ്സിൽ തീ വീണതുപോലെ മാസ്റ്റർ നടുങ്ങി....
(തുടരും)